മുസ്​ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയെന്ന്​ 'ദീപിക'

കോട്ടയം: മുസ്​ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുണ്ടെന്ന്​ ദീപിക ദിനപത്രത്തിൽ മുഖപ്രസംഗം. ഈ ആശങ്ക ക്രൈസ്തവർക്കുമാത്രമല്ലെന്നും 'കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ' തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗം പറയുന്നു.

പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലവ്​ ജിഹാദെന്നു മുദ്രകുത്തി ചിലർ മതസൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സി.പി.എം ഉൾപ്പെടെ ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചില മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതേസമയം, ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ? അവർക്ക്​ സ്വന്തം മകളോട് ഒന്നു സംസാരിക്കാൻപോലും അവസരം കൊടുക്കാതെ ദുരൂഹസാഹചര്യത്തിൽ കൊണ്ടുപോകുന്നതാണോ മതേതരത്വം? പ്രഫഷനൽ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതര മതസ്ഥരായ പെൺകുട്ടികളെ വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകർഷിക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന പാർട്ടി രേഖയെക്കുറിച്ച്​ സി.പി.എം നേതാവ്​ പറഞ്ഞത് പുതിയ കാര്യമല്ല. ലവ്​ ജിഹാദ് ഇല്ലെന്ന്​ പറയുന്ന സി.പി.എമ്മിനുപോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ച്​ ഭയമുണ്ട്.

മുസ്​ലിം യുവാക്കളെ വിവാഹം കഴിച്ച് ഐ.എസിൽ ചേർന്ന് അഫ്ഗാനിസ്താനിലെ ജയിലിൽ കഴിയുന്ന സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെക്കുറിച്ചൊക്കെ മലയാളികൾ ധാരാളം കേട്ടിട്ടുണ്ട്. ഇവരുടെ മാതാപിതാക്കളെ സഹായിക്കാൻ മതേതര രാഷ്ട്രീയ പാർട്ടികളെയോ പുരോഗമനവാദികളെയോ ഇതുവരെ കണ്ടിട്ടുമില്ല. ഹൈന്ദവ-ക്രിസ്ത്യൻ-മുസ്​ലിം സമുദായങ്ങളിലെ എല്ലാ നല്ല മനുഷ്യരും ഒന്നിച്ചുചിന്തിക്കേണ്ട കാര്യമാണിത്. അല്ലാത്തപക്ഷം, ഇസ്​ലാമിക തീവ്രവാദ സംഘടനകൾ ഉയർത്തുന്ന ഭീഷണിക്ക്​ മുസ്​ലിം സമുദായത്തിലെ നിരപരാധികൾ പഴികേൾക്കേണ്ട സാഹചര്യമുണ്ടാകും. ജോസ്​​നയുടെ വിഷയത്തിൽ സംശയങ്ങൾ പരിഹരിക്കുകയും ദുരൂഹതയുടെ മറ നീക്കുകയുമാണ്​ ചെയ്യേണ്ടത്. അല്ലാതെ നിസ്സഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്‍റെയോ മതസൗഹാർദത്തിന്‍റെയോ പേരുപറഞ്ഞ്​ ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും മുഖപ്രസംഗം ഓർമിപ്പിക്കുന്നു.

Tags:    
News Summary - Deepika about kodanchery Inter Caste Marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.