തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വകുപ്പുകളുടെ ചെലവുകൾക്ക് മുൻഗണന നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി. അതേസമയം ക്ഷേമ പെൻഷൻ അടക്കം ജനങ്ങളുടെ ആനുകൂല്യങ്ങൾക്ക് മുടക്കം വരരുതെന്നും അദ്ദേഹം നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്തി. ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു.
കടമെടുപ്പ് പരിധി കുറച്ചത് വലിയ പ്രശ്നമുണ്ടാക്കുമെന്നും ചെലവുകൾക്ക് പണം ലഭ്യമല്ലാതെ വരുമെന്നും ഇതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പണമില്ലാത്തപ്പോൾ ചെലവിടൽ ഒരു കലയാണെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചു. കടം വെട്ടിക്കുറച്ച വിഷയത്തിൽ കേന്ദ്രത്തിന് കത്തയച്ചിട്ടും മറുപടിപോലും നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടമെടുപ്പ് പരിധിയിലെ കുറവ് വരുന്ന മാസങ്ങളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് യോഗത്തിൽ ആശങ്ക ഉയർന്നു. സംസ്ഥാന സർക്കാറിന്‍റെ വരുമാനം കൊണ്ടുമാത്രം പിടിച്ചുനിൽക്കേണ്ട സാഹചര്യമാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും വകുപ്പുകൾക്ക് ബജറ്റിൽ അനുവദിച്ച തുക നൽകാനാകാത്ത സാഹചര്യം വരുമെന്നുമാണ് ധനവകുപ്പ് വിലയിരുത്തൽ.
15,390 കോടി രൂപയാണ് പുതിയ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന് കടപരിധി അനുവദിച്ചത്. 34,000 കോടി അർഹതയുണ്ടായിരിക്കെയാണ് ഇത്. ഇതിന് പുറമെ വിവിധ ഇനങ്ങളിലായി ലഭിച്ചിരുന്ന തുകയിലും ഇക്കുറി വൻ കുറവ് വന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനം വിവിധ മാർഗങ്ങളിൽ നികുതി കൂട്ടിയിട്ടും പിടിച്ചുനിൽക്കുക പ്രയാസമാകുകയാണ്. കിഫ്ബി, പൊതുമേഖ സ്ഥാപനങ്ങൾ എന്നിവ വഴിയുള്ള കടമെടുപ്പിന്‍റെ പേരിലാണ് കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. അനുവദിച്ചതിൽ 6000 കോടി രൂപ ഇതിനകം ചെലവിടുകയും ചെയ്തു. സാമ്പത്തിക വർഷത്തിൽ പത്ത് മാസം ബാക്കിയുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വാർഷിക പദ്ധതിയെ അടക്കം ഇത് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.