പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊളള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങി നല്‍കിയെന്ന് ആരോപണം. ഉച്ചഭക്ഷണത്തിന് ഉണ്ണികൃഷ്ണൻ പോറ്റി തൈര് ആവശ്യപ്പെട്ടതോടെ പത്തനംതിട്ട എ.ആർ. ക്യാമ്പിലെ കാന്‍റീൻ ജീവനക്കാരൻ പുറത്തെ ഒരു കടയിൽ പോയി തൈര് വാങ്ങി നൽകിയെന്നാണ് ആരോപണം. ഇത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സംഭവത്തിൽ ഉദ്യോഗസ്ഥർ ജീവനക്കാരോട് ക്ഷുഭിതരായെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
കസ്റ്റഡിയിലുള്ള പ്രതിക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങി നൽകുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. എന്നാൽ, പുറത്തുനിന്ന് വാങ്ങിയ തൈര് ഉപയോഗിച്ചില്ലെന്നും പറയുന്നു. കാന്‍റീൻ ജീവനക്കാരൻ തൈര് ചോദിച്ച് കടയിലെത്തിയപ്പോൾ ശബരിമല സ്വര്‍ണ്ണക്കൊളളയിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനാണെന്ന് അറിഞ്ഞതോടെ തൈര് നൽകില്ലെന്ന് കടയുടമയായ സ്ത്രീ പറഞ്ഞിരുന്നു.
‘അയ്യപ്പന്റെ മൊത്തം കട്ടു മുടിച്ചവനല്ലേ? അയാൾക്ക് എന്തിന് തൈര് കൊടുക്കണം, ഈ തിരുമേനിക്ക് തൈര് കൊടുക്കില്ല’ -കസ്റ്റഡിയിലുള്ള ഉണികൃഷ്ണൻ പോറ്റിക്ക് ഉച്ചയൂണിന് തൈര് വാങ്ങാൻ പോയ ജീവനക്കാർക്ക് നേരിടേണ്ടി വന്നത് കടയുടമയുടെ ഈ നിലപാടാാണ്. പത്തനംതിട്ട എസ്.പി ഓഫിസിന് സമീപമുള്ള ചാച്ചൂസ് ബേക്കറിയിലായിരുന്നു നാടകീയ സംഭവം.
ഇന്നലെ ഉച്ചഭക്ഷണ സമയത്ത് പോറ്റിയെ എസ്.പി ഓഫിസില്‍ എത്തിച്ചപ്പോഴാണ് ഊണിന് തൈര് വേണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് തൈര് വാങ്ങാൻ കടയില്‍ പോയപ്പോഴാണ് കടയുടമസ്ഥ നിലപാട് പറഞ്ഞത്. ‘ഈ തിരുമേനിക്ക് തൈര് കൊടുക്കില്ല, അയ്യപ്പന്റെ മൊത്തം കട്ടു മുടിച്ചവനല്ലേ.. തിരുമേനിക്ക് വേണ്ടി ഒരു സാധനവും ഈ കടയിൽനിന്ന് നൽകില്ല. ഈ കേസിൽ തിരുമേനി പുറത്തിറങ്ങി കടയിൽ വന്നാലും ഞങ്ങൾ ഒന്നും നൽകില്ല’ -എന്നാണ് കടയുടമസ്ഥ പറഞ്ഞത്.
അതിനിടെ ഇന്നലെ റാന്നി കോടതിയിൽ ഹാജരാക്കിയശേഷം പുറത്തേക്ക് ഇറക്കിയപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ചെരിപ്പേറുണ്ടായിരുന്നു. പ്രാദേശിക ബി.ജെ.പി പ്രവർത്തകനാണ് ചെരിപ്പെറിഞ്ഞത്. ഏറ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശരീരത്തിൽ കൊണ്ടോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.