ചിറയിൻകീഴിലെ അടിപിടി: പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ, രമ്യാ ഹരിദാസിനെ കേട്ട ശേഷം നടപടി

 തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടി കേസിൽ പാളയം പ്രദീപിനെയും സജാദിനെയും കെ.പി.സി.സി. സസ്പെൻഡ് ചെയ്തു. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാളയം പ്രദീപിനെയും മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

അന്വേഷണ സമിതി റിപ്പോർട്ട് നൽകി മണിക്കൂറുകൾക്കകമാണ് നടപടി. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ അടിയന്തര നടപടി സ്വീകരിക്കുന്നത്. സജാദ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനു പിന്നാലെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇരുപക്ഷത്തെയും പിണക്കാതെ ആശ്വാസ നടപടിയാണ് പാർട്ടി സ്വീകരിച്ചതെങ്കിലും സജാദിനെതിരെ നടപടിയെടുത്തതും രമ്യ ഹരിദാസിനെതിരെ നടപടിയെടുക്കാത്തതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. നിലവിൽ ഡൽഹിയിലുള്ള എം.എൽ.എയിൽ നിന്ന് പാർട്ടി അന്വേഷണ സമിതി വിശദീകരണം തേടിയിട്ടില്ല. വിശദീകരണം തേടിയതിനു ശേഷം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് സൂചന. വിഷയം രമ്യമായി പരിഹരിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. എന്നാൽ സജാദിനെതിരേ നടപടിയെടുത്തത് പ്രവർത്തകരിൽനിന്ന് എതിർപ്പിനിടയാക്കാൻ സാധ്യതയുണ്ട്.

സംഭവത്തിൽ രമ്യ ഹരിദാസിന്റെ വാദം തെറ്റാണെന്ന് നേരത്തെ തന്നെ വിവരം പുറത്തുവന്നിരുന്നു. പാളയം പ്രദീപ് തന്റെ സ്റ്റാഫാണെന്നായിരുന്നു രമ്യയുടെ വാദം. എന്നാൽ എം.എൽ.എയുടെ സ്റ്റാഫിന്റെ ഔദ്യോഗിക പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല. പ്രദീപ് തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് പറഞ്ഞിരുന്നത്. സ്റ്റാഫ് അല്ലാതെ പ്രദീപ് മണ്ഡലത്തിലെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നു എന്നായിരുന്നു പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പ്രധാന പരാതി.

പ്രദീപിനെതിരെ വാട്‌സാപ്പിൽ പോസ്റ്റിട്ട കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെ എം.എൽ.എ വീട്ടിലെത്തി ചോദ്യം ചെയ്തത് ശരിയായില്ലെന്നും ഇതാണ് തമ്മിലടിയിലേക്ക് നയിച്ചതെന്നുമാണ് ഭൂരിഭാഗം നേതാക്കളും നേതൃത്വത്തെ അറിയിച്ചിരുന്നത്. പ്രദീപിതിരെ ശക്തമായ സംഘടനാ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്തംഗം സജിത്തും മണ്ഡലം വൈസ് പ്രസിഡന്റ് സജാദും അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രദീപിനെ ഒഴിവാക്കി എം.എൽ.എ രമ്യ ഹരിദാസിന് മണ്ഡലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Chirayinkeezhu fight-Palayam Pradeep and Sajad suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.