തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തോടെ രണ്ട് പ്രബല ഹിന്ദു സമുദായങ്ങളെ ഒപ്പം നിർത്താനുള്ള ലക്ഷ്യം നിറവേറിയ ആശ്വാസത്തിൽ സർക്കാറും സി.പി.എമ്മും. ഏറെക്കാലമായി പോരടിച്ച എൻ.എസ്.എസും എസ്.എൻ.ഡി.പിയും അടുത്തു എന്നതിനപ്പുറം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രസ്താവന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്വാഗതം ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണോടെ വിശ്വാസി സമൂഹം ഒപ്പമില്ലെന്നറിഞ്ഞ സി.പി.എം അവരെ കൂടെനിർത്താനുള്ള ആസൂത്രണം കൊല്ലം സംസ്ഥാന സമ്മേളനത്തിൽ തന്നെ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘വിശ്വാസ ലൈൻ’ പിടിച്ച് ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി അയ്യപ്പ സംഗമം പ്രഖ്യാപിച്ചത്. ഇടതുപക്ഷം വിശ്വാസികളെയും ചേർത്തുപിടിക്കുമെന്ന് ബോധ്യപ്പെടുത്തലായിരുന്നു അജണ്ട. എന്നാൽ, ശബരിമലയിൽ യുവതികളെയെത്തിച്ച് ആചാരലംഘനം നടത്തിയ പിണറായി സർക്കാറിന് അയ്യപ്പ സംഗമം നടത്താൻ എന്താണ് യോഗ്യത എന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം.
യുവതി പ്രവേശന നിലപാട് സർക്കാറിനിപ്പോഴില്ലെന്ന് മറുപടി പറഞ്ഞാണ് അയ്യപ്പ സംഗമത്തെ വെള്ളാപ്പള്ളി സ്വാഗതം ചെയ്തത്. സർക്കാറിന് യുവതികളെ പ്രവേശിപ്പിക്കാമെങ്കിലും അത് ചെയ്തില്ലല്ലോ എന്ന് പറഞ്ഞ് സുകുമാരൻ നായരും രംഗത്തുവന്നതോടെ ശബരിമല നാമജപ ഘോഷയാത്ര നടത്തിയവരിൽ വലിയൊരു വിഭാഗം തന്നെ സർക്കാറിൽ വിശ്വാസം വീണ്ടെടുത്തു എന്ന ധ്വനി വന്നു.
സംഗമത്തെ വിമർശിച്ച ബി.ജെ.പിയെയും കോൺഗ്രസിനെയും തള്ളി അവർ വിശ്വാസികൾക്കൊപ്പമല്ലെന്ന് എൻ.എസ്.എസും എസ്.എൻ.ഡി.പിയും പരസ്യമായി പറഞ്ഞതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ‘സോഷ്യൽ എൻജിനീയറിങ്’ ഫലംകാണുന്നുവെന്ന് സി.പി.എമ്മും വിലയിരുത്തുന്നു. അതേസമയം, ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ള നീക്കം ന്യൂനപക്ഷ സമുദായങ്ങളിൽ എന്ത് പ്രതിഫലനം സൃഷ്ടിക്കുന്നുവെന്നതും സർക്കാറും സി.പി.എമ്മും ഉറ്റുനോക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടുള്ള പരിപാടികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എറണാകുളത്ത് സർക്കാർ നേതൃത്വത്തിൽ ന്യൂനപക്ഷ സംഗവും കോഴിക്കോട്ട് സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ സംഗമവും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.-
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.