വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകൾ സി.പി.എം ഏറ്റെടുക്കും. പെൺകുട്ടിയുടെ അച്ഛന്റെ പേരിൽ പീരുമേട് താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്കിലുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ഈ തുക 31-ന് നാലുമണിക്ക് വണ്ടിപ്പെരിയാറിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് കൈമാറും. സി.പി.എം ഏരിയ സെക്രട്ടറി എസ്.ബാബുവാണ് ഇക്കാര്യം അറിയിച്ചത്.
ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപയാണ് പെൺകുട്ടിയുടെ അച്ഛൻ വായ്പയെടുത്തത്. ഇത് തിരിച്ചടച്ച് ബാധ്യതകൾ തീർക്കാൻ തയാറാണെന്നും കെ.പി.സി.സി നേതൃത്വം പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമാണ് കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്. കേസിലെ പ്രതിയായിരുന്ന അർജുനെ വെറുതെവിട്ട കോടതിവിധി വന്നതിനുശേഷം പെൺകുട്ടിയുടെ വീട് സന്ദർശിച്ചപ്പോഴാണ് ഇരുവരും വായ്പയുടെ കാര്യം അറിയുന്നത്.
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ തെളിവില്ലെന്ന് കണ്ട് പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. 2021 ജൂൺ 30ന് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു അർജുൻ. എന്നാൽ, കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു പ്രതിയെ വെറുതെ വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.