തിരുവനന്തപുരം: പുതിയ സാമാജികർ സഭയെ ഗൗരവമായി കാണുന്നില്ലെന്ന വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. സ്പീക്കറെന്ന നിലയിലെ അവസാന ഔദ്യോഗിക പരിപാടിയായ നിയമസഭ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയെ കുറച്ചുകൂടി ഗൗരവമായി കാണണമെന്നാണ് പുതിയ നിയമസഭാംഗങ്ങളോട് ഒഴിഞ്ഞുപോകുന്ന സ്പീക്കർ എന്ന നിലയിൽ പറയാനുള്ളത്.
പരമാവധി സമയം സഭക്കകത്ത് ചെലവഴിക്കണം. പുതിയ സാമാജികർ വേണ്ടത്ര ഇരിക്കുന്നില്ല എന്നത് തന്റെ വിമർശനമാണ്. സഭാ നടപടിക്രമം പുസ്തകം വായിച്ചല്ല പഠിക്കേണ്ടത്, സഭയിൽ ഇരുന്നാണ്. പല സാമാജികരും ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇതാണ് നില. യു.ഡി.എഫ് അംഗങ്ങളായാലും എൽ.ഡി.എഫ് ആയാലും മുതിർന്ന അംഗങ്ങളെ കണ്ടു പഠിക്കണം. തിരുത്തിയാൽ അവർക്ക് നല്ലത്. പുതിയ സഭയിൽ ഇക്കാര്യങ്ങളെല്ലാം തിരുത്തുമെന്നാണ് പ്രതീക്ഷ -ഷംസീർ പറഞ്ഞു.
ഭരണപക്ഷനിരയിലെ പ്രക്ഷോഭകാരിയായ ഷംസീർ സ്പീക്കറായി വന്നപ്പോൾ ആശങ്ക ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, സഭയിൽ തന്നെ ‘വികൃതി’ എന്ന് വിളിക്കാൻ കാരണം സഭയിൽതന്നെ ഇരുന്ന് വിഷയങ്ങളിൽ ഇടപെട്ടതുകൊണ്ടാണെന്നായിരുന്നു മറുപടി. ഇക്കുറി മൽസര രംഗത്തില്ലാത്തതിനാൽ വരുന്ന നിയമസഭയുടെ ഏറ്റവും വലിയ നഷ്ടമാണോ എ.എൻ ഷംസീർ എന്ന് ചോദ്യമുയർന്നപ്പോൾ ‘അതെല്ലാം ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണെ’ന്നായിരുന്നു പ്രതികരണം. പുതിയ നിയമസഭ സംബന്ധിച്ച് മുന്നൊരുക്കം പൂർത്തിയാക്കി ഷംസീർ 30ന് കണ്ണൂരിലേക്ക് മടങ്ങും. ഔദ്യോഗിക പരിപാടികൾ കഴിഞ്ഞെങ്കിലും മേയ് നാല് വരെ സാങ്കേതികമായി സ്പീക്കർ ചുമതലയുണ്ട്.
44 മാസമാണ് താൻ സ്പീക്കർ കസേരയിലുണ്ടായിരുന്നതെന്നും പൊതുവിൽ പ്രതിപക്ഷവും ഭരണപക്ഷവും നന്നായി സഹകരിച്ചത് കൊണ്ടാണ് സഭ നല്ല രീതിയിൽ പൂർത്തിയാക്കാനായതെന്നും ഷംസീർ പറഞ്ഞു. ഏറ്റവും കൂടുതൽ നിയമനിർമാണം നടന്നത് ഇക്കാലയളവിലാണ്. അന്താരാഷ്ട്ര പുസ്തകോത്സവം, നിയമസഭ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്, നിയമസഭ ലൈബ്രറി പൊതുജനത്തിന് ഉപയോഗിക്കാൻ സാധിക്കുംവിധം സജ്ജമാക്കിയതുമെല്ലാം അടയാളപ്പെടുത്തലുകൾ.
സ്പീക്കർ ചെയറിലിരുന്ന് രണ്ടുനിരയിലേക്കും കണ്ണുപായ്ക്കുമ്പോൾ വലിയ അഭിമാനം തോന്നിയിട്ടുണ്ട്. സ്വാഭാവികമായും ഉണ്ടാകുന്ന ആരോപണങ്ങൾക്കപ്പുറത്ത് രണ്ട് ഭാഗത്തുനിന്നും തന്നെക്കുറിച്ച് പരാതി ഉണ്ടാകില്ല. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുന്നതിനൊപ്പം സർക്കാർ നടപടികൾ നടപ്പാക്കാനും സഹായം ചെയ്തു.
നിയമസഭ സാമാജികനായി തന്നെ തീരുമാനിച്ചത് സി.പി.എമ്മാണ്. അതേ പാർട്ടിയാണ് സ്പീക്കർ എന്ന വലിയ ഉത്തരവാദിത്തവും ഏൽപിച്ചത്. അത് നിർവഹിക്കുക എന്നതാണ് അനുസരണയുള്ള പാർട്ടി പ്രവർത്തകന്റെ ചുമതല. അതുകൊണ്ടുതന്നെ മൂന്നുവർഷം പ്രത്യക്ഷ രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്നത് നഷ്ടമായി തോന്നുന്നില്ല. ഇനി തിരിച്ച് പാർട്ടിയിലേക്ക് പോകുന്നു. പാർട്ടി ഏൽപിക്കുന്ന ഉത്തരവാദിത്വം നിർവഹിച്ച് കേരള രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകും. തുടർഭരണം ഉണ്ടാകുമെന്നും നല്ല രീതിയിൽ ഇടതുപക്ഷത്തിന് വിജയിക്കാൻ സാധിക്കുമെന്നുമുള്ള വിശ്വാസമാണ് തനിക്കെന്നും ഷംസീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.