കോഴിക്കോട്: നടിക്കെതിരായ ലൈംഗിക അതിക്രമ കേസിൽ അതിജീവിതക്ക് നീതി ഉറപ്പാക്കുന്നതിനായി ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖയായ അതിജീവിതയുടെ കേസിൽ വന്ന വിധി അന്യായമാണെന്ന് വിലയിരുത്തി നിയമപോരാട്ടം തുടരുന്നതിനുമായാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. നിലവിലെ കേസ് ട്രസ്റ്റിന്റെ ആദ്യ ഇടപെടലാണ്. വിധിക്കെതിരെ മേൽകോടതിയിൽ അപ്പീൽ പോവുകയെന്നത് സമൂഹത്തിന്റെ ആവശ്യമായിരിക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
ഹൈകോടതിയിലെ നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത് സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക അഡ്വ. വൃന്ദ ഗ്രോവർ ആണ്. അഡ്വ. ഭദ്രകുമാരി, അഡ്വ. ജെ. സന്ധ്യ എന്നിവരും സംഘത്തിലുണ്ടാകും. കേസിൽ നീതി തേടുന്നതിനായി ആവശ്യമായ ചെലവുകൾ നിറവേറ്റാൻ പൊതുജനം സംഭാവനകൾ നൽകണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.
ലൈംഗിക അതിക്രമങ്ങൾക്കിരയാകുന്ന എല്ലാ അതിജീവിതർക്കും മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ട്രസ്റ്റ് നിയമസഹായവും പിന്തുണയും നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കെ. അജിത, ദീദി ദാമോദരൻ, ഭാഗ്യലക്ഷ്മി, ജോസഫ് കെ. മാത്യു, പ്രകാശ് ബാരെ, സോണിയ ജോർജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.