തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ‘ശൈശവ വിവാഹം’ നടത്തിക്കൊടുത്ത സി.പി.എം നേതാക്കളെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു. കേസന്വേഷിക്കുന്ന മധ്യപ്രദേശ് പൊലീസിനോട് വിശദീകരണവും തേടിയിട്ടുണ്ട്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി ഷിബുവാണ് കേസിന്റെ തുടർനടപടി സ്റ്റേ ചെയ്തത്. വിവാഹസമയം പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നെന്നും ജനനതീയതി 2008 ജനുവരി ഒന്നാണെന്നും തെളിയിക്കാൻ പെൺകുട്ടിക്ക് ഏഴ് വയസുള്ളപ്പോഴുള്ള ആധാർ കാർഡും ഈ വർഷം ജനുവരി ആറിലെ പുതുക്കിയ ആധാർ കാർഡും വിവാഹ സർട്ടിഫിക്കറ്റും പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി.
ഈ വർഷം മാർച്ച് 11ന് വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നെന്നും അതുകഴിഞ്ഞ് ബാഹ്യസമ്മർദത്താൽ പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് ആർ.ഡി.ഒക്ക് അപേക്ഷ നൽകി പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കുകയായിരുന്നു. പെൺകുട്ടിയുടെ അനുജന്റെ ആശുപത്രി ജനന രേഖകൾ ദുരുപയോഗപ്പെടുത്തി വിവാഹ ദിവസം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ് നേടിയെടുത്തു. അപ്രകാരം കൃത്രിമമായി ചമച്ച ജനന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി മൈനറാണെന്ന് കാണിച്ച് രാഷ്ട്രീയ നേതാക്കളെ തെറ്റായി പ്രതിചേർത്താണ് സ്വകാര്യ അന്യായം ബോധിപ്പിച്ചതെന്ന് പ്രോസിക്യൂട്ടർ ജെ.കെ അജിത്ത് പ്രസാദ് കോടതിയിൽ വാദിച്ചു.
സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാലാണ് അതിന്റെ വിവരങ്ങൾ അറിയാൻ മധ്യപ്രദേശ് പൊലീസിൽ നിന്ന് കോടതി റിപ്പോർട്ട് തേടിയത്.
വിവാഹത്തിൽ പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടി, സി.പി.എം ആക്ടിങ് ജില്ലാ സെക്രട്ടറി എ.എ റഹീം, പൂവ്വാര്‍ അരുമാനൂര്‍ നയ്യാര്‍ ദേവ ക്ഷേത്രം പ്രസിഡന്റ് എന്‍. ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഫര്മാന് ഖാൻ എന്നിവരെ കേസിൽ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര സ്വദേശി നാഗരാജാണ് ഹരജി ഫയൽ ചെയ്തത്.
പെണ്‍കുട്ടിയുടെ വിവാഹം ഹിന്ദു മതാചാരപ്രകാരം നടന്നതായി രേഖകളില്‍ കാണുന്നു. വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ട വരനും വധുവിനും ഹിന്ദു മതാചാരപ്രകാരം വിവാഹിതരാകാന്‍ കഴിയില്ലെന്ന സാങ്കേതിക പിഴവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തില്‍ അന്വേഷണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് പൊലീസ് വീണ്ടും കേരളത്തിലെത്തും. നേരത്തെ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസിന് പെൺകുട്ടി മൊഴി നൽകാൻ ഹാജരായിരുന്നില്ല. തന്നെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നീക്കമാണിതെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടി നേരത്തെ പെൺകുട്ടി സിറ്റി പൊലീസ് കമീഷണർക്ക് പരാതിയും നൽകിയിരുന്നു. പട്ടികവർഗ കമീഷൻ നിർദ്ദേശപ്രകാരം കേസിൽ പ്രതിചേർക്കപ്പെട്ട ഭർത്താവിനെതിരെ പുതിയ വകുപ്പുകൾ ചേർക്കുമെന്നും പൊലീസ് പറയുന്നു. കുംഭമേള വൈറൽ താരത്തിന് പ്രായപൂർത്തിയായില്ലെന്നാണ് പട്ടികവർഗ കമീഷൻ നേരത്തെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ മധ്യപ്രദേശ് പൊലീസിനോടും കേരള പൊലീസിനും നിർദ്ദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.