തൃത്താല (പാലക്കാട്): സി.പി.എം തൃത്താല ഏരിയ സമ്മേളനത്തിൽ ശക്തി തെളിയിച്ച് വിമതപക്ഷം. വിമതപ്രവര്‍ത്തനം തടയിടാൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ നിരീക്ഷണം ഏർപ്പെടുത്തിയെങ്കിലും ഔദ്യോഗികപക്ഷത്തെ വെട്ടിനിരത്തിയാണ് വിമതര്‍ ഭൂരിപക്ഷം നേടിയത്. കടുത്തവിമര്‍ശനങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിൽ 21 അംഗ ഏരിയ കമ്മിറ്റിയിലേക്ക് 12 അംഗങ്ങളുമായി വിമതര്‍ ഭൂരിപക്ഷം നേടുകയായിരുന്നു. നേരത്തേ നിലനിന്നിരുന്ന വിമതപ്രവര്‍ത്തനത്തിന് തടയിടാനാണ് സമ്മേളനത്തില്‍ മന്ത്രി എം.ബി. രാജേഷ് അടക്കം രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും മൂന്നു ജില്ല കമ്മിറ്റി അംഗങ്ങളെയും നിരീക്ഷകരായി നിശ്ചയിച്ചത്.

എന്നാല്‍, നിരീക്ഷകർ വിമതവിഭാഗത്തിനോട് പക്ഷംചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നാരോപിച്ച് ഔദ്യോഗിക വിഭാഗം പ്രവര്‍ത്തകര്‍ പ്രകോപിതരായി. ഏരിയ കമ്മിറ്റിയിലേക്കു മത്സരത്തിനായി ഔദ്യോഗിക വിഭാഗം തയാറായെങ്കിലും നിരീക്ഷകർ അനുവദിച്ചുകൊടുത്തില്ല.

മത്സരരംഗത്തുനിന്ന് പിന്മാറിയില്ലെങ്കില്‍ സമ്മേളനം നിര്‍ത്തിവെക്കുകയും ഉത്തരവാദികള്‍ നിങ്ങളായിരിക്കുമെന്നും ഇവരാരും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാവില്ലെന്നും അറിയിച്ചതോടെ ഔദ്യോഗികപക്ഷം മത്സരരംഗം വിട്ടു. ഇതോടെ 21 അംഗ ഏരിയ കമ്മിറ്റിയിലേക്ക് 12 അംഗങ്ങളുമായി വിമതര്‍ ഭൂരിപക്ഷം നേടി. യുവജന സംഘടനയിലെ നേതാവിനെ കയറ്റാനായി മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന ജില്ല കമ്മിറ്റി അംഗത്തെ പുറത്താക്കി.

അതിനിടെ, തൃത്താല മേഖലയിലെ വിവിധ അഴിമതികളും മറ്റും ചര്‍ച്ചയായി. കൂറ്റനാട് ബസ് സ്റ്റാൻഡില്‍ സ്വകാര്യവ്യക്തിക്ക് വഴിയൊരുക്കിയതും പഞ്ചായത്തുകളിലെ ഭരണസംവിധാനത്തിലെ പാളിച്ചകളും സമ്മേളനവേദിയായ ഓഡിറ്റോറിയം നികത്തിയെടുത്തതും ഉൾപ്പെടെ ചര്‍ച്ചയായി. ഏഴു ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പാര്‍ട്ടിയുടെ ഭരണത്തിലായിരുന്നെങ്കിലും നേതാക്കളുടെ കെടുകാര്യസ്ഥതമൂലം മൂന്നായി ചുരുങ്ങി.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പട്ടിത്തറയിൽ ഭരണം നഷ്ടമായി. കപ്പൂരില്‍ നറുക്കെടുപ്പിലൂടെ ഭരണം നിലനിര്‍ത്തിയത് ഉൾപ്പെടെ വിഷയം സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ടു.

Tags:    
News Summary - CPM rebels show strength in Thrithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.