പി.പി. ചിത്തരഞ്ജൻ എം.എൽ.എ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബോഡി ഷെയിമിങ് പ്രസ്താവനക്ക് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന പരാമർശവുമായി ഭരണപക്ഷ എം.എൽ.എ രംഗത്ത്. ആലപ്പുഴയിൽ നിന്നുള്ള സി.പി.എം എം.എൽ.എ പി.പി. ചിത്തരഞ്ജനാണ് മോശം പരാമർശം നടത്തിയത്.
'രണ്ട് കൈയും ഇല്ലാത്തവന്‍റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന അവസ്ഥയിലാണ് പ്രതിപക്ഷം' എന്നാണ് ചിത്തരഞ്ജൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ് പരാമർശത്തിലും ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിലുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെയായിരുന്നു സി.പി.എം എം.എൽ.എയുടെ പരാമർശം.
ചിത്തരഞ്ജന്‍റെ അവഹേളന പരാമർശം നിയമസഭ ബഹിഷ്കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറയുകയും ചെയ്തു. മന്ത്രിമാരും ഭരണപക്ഷ അംഗങ്ങളും നിയമസഭയിൽ സഭ്യേതര പരാമർശം നടത്തിയെന്ന് സതീശൻ പറഞ്ഞു. ഭരണപക്ഷത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ മോശം പരാമർശങ്ങൾ തടയാൻ സ്പീക്കർ ശ്രമിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
മന്ത്രി ഗണേഷ് കുമാർ സഭയിൽ വ്യക്തിപരമായ വിരോധം തീർക്കുകയാണ് ചെയ്തത്. കെ.എസ്.ആർ.ടി.സിയിലെ ഐ.എൻ.ടി.യു.സി യൂനിയൻ അധ്യക്ഷൻ കൂടിയായ എം. വിൻസെന്‍റിനെ കുറിച്ച് മോശം പരാമർശം നടത്തി. ഇത്തരം പമാർശങ്ങൾ തടയാതെ സ്പീക്കർ കുട പിടിച്ചു കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, പി.പി. ചിത്തരഞ്ജന്‍റെ അവഹേളന പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം രംഗത്തെത്തി. നാട് മാറുന്നതും സ്വയം അപരിഷ്കൃതരും അപ്രസക്തരുമാവുന്നതും സി.പി.എം അറിയുന്നില്ലെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്നലെ സിപിഎമ്മിന്റെ പരമോന്നത നേതാവായ മുഖ്യമന്ത്രി പിണറായി വിജയൻ,
ഇന്നിതാ സിപിഎമ്മിന്റെ എംഎൽഎയും നിയമസഭയിൽ ഭിന്നശേഷിക്കാരെ അവഹേളിക്കുന്നു.
പഞ്ച് ഡയലോഗുകൾ അടിക്കാനുള്ള ഈ വ്യഗ്രതയാണ് വിജയൻ മുതൽ ചിത്തരഞ്ജൻ വരെയുള്ള സിപിഎമ്മുകാരുടെ യഥാർത്ഥ പ്രശ്‌നം. കാരണം, വസ്തുതാപരമായ വാദങ്ങൾക്കല്ല, ഇത്തരം ഡയലോഗുകൾക്കും വീരസ്യം പറച്ചിലുകൾക്കുമാണ് കയ്യടി കിട്ടുക എന്നാണവർ ധരിച്ചു വച്ചിരിക്കുന്നത്, അഥവാ അങ്ങനെയാണ് അവരുടെ അണികളിൽ നിന്ന് ഇതുവരെയുള്ള അനുഭവം.
നാട് മാറുന്നതൊന്നും ഇവർ അറിയുന്നേയില്ല, ഇവർ സ്വയം അപരിഷ്കൃതരും അപ്രസക്തരുമാവുന്നതും അറിയുന്നില്ല.
ഇന്നലെ പ്രതിപക്ഷ എം.എൽ.എയുടെ ഉയരക്കുറവിനെയാണ് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത്. 'എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ എന്നായിരുന്നു' പ്രതിപക്ഷ അംഗത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചത്. അംഗത്തിന്റെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസ പ്രസംഗം. 'എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്. എട്ടു മുക്കാൽ അട്ടിവെച്ചത് പോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വെച്ചല്ല അത്. ശരീരശേഷി വെച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വെച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു'-എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പുതുതായി നിയമ സഭയിലെടുക്കേണ്ടവരുടെ അളവ് കോല് കൂടി മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്ന് നജീബ് കാന്തപുരം എം.എൽ.എ ഫേസ്ബുക് പോസ്റ്റിൽ തുറന്നടിച്ചു. പുതുതായി നിയമസഭയിലേക്ക് എടുക്കേണ്ടവരുടെ അളവുകൂടി ഇനി പിണറായി തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കണമെന്നായിരുന്നു മുഖ്യമന്ത്രിക്ക് നജീബ് കാന്തപുരത്തിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.