പൊന്നാനിയിൽ മുൻ ലീഗ് നേതാവ്, കണ്ണൂരിൽ എം.വി. ജയരാജൻ; സി.പി.എം സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടികക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരം. പൊന്നാനിയിൽ മുൻ ലീഗ് നേതാവ്‌ കെ.എസ്. ഹംസ, പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, വടകരയിൽ കെ.കെ. ശൈലജ,ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ. ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയിൽ എ.എം. ആരിഫ്, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.

കണ്ണൂർ- എം.വി. ജയരാജൻ, കാസർകോട് -എം.വി. ബാലകൃഷ്ണൻ, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് - എ. വിജയരാഘവൻ, ആലത്തൂർ - കെ. രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെ.കെ. ശൈലജയും എറണാകുളത്ത്‌ മത്സരിക്കുന്ന കെ.ജെ. ഷൈനുമാണ് പട്ടികയിലെ വനിതകൾ. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.

രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ധാരണയുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. കമ്മിറ്റി ഇത് ചർച്ച ചെയ്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന് കൈമാറും. 27ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. 

കെ.കെ.ശൈലജ കരുത്തുള്ള സ്ഥാനാർഥിയെന്ന് കെ.മുരളീധരൻ

വടകര∙ കരുത്തരായ സ്ഥാനാർഥികളെ നേരിടാനാണ് ഇഷ്ടമെന്ന് കെ.മുരളീധരൻ എം.പി. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽനിന്ന് സി.പി.എം കെ.കെ.ശൈലജയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടകരയിൽനിന്ന് കോൺഗ്രസിനു വേണ്ടി കെ.മുരളീധരൻ മത്സരത്തിനിറങ്ങുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. ‘‘കരുത്തരെ നേരിടാനാണ് എനിക്കിഷ്ടം. ടീച്ചറാണ് വരുന്നതെങ്കിൽ കരുത്തുള്ള സ്ഥാനാർഥിയാണ്. സ്ഥാനാർഥിയെ സി.പി.എം തീരുമാനിക്കട്ടെ. നല്ല മത്സരത്തിലൂടെയാണ് ഞാൻ ഇതുവരെ ജയിച്ചുവന്നിട്ടുള്ളത്. നല്ല രീതിയിൽ മത്സരം നടന്ന് ജയിച്ചുവരാൻ കഴിയുമെന്ന​ും മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - CPM Candidates Probability Chart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.