തിരുവനന്തപുരം: സി.പി.എമ്മിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബി.ജെ.പിക്കും സി.പി.എമ്മിനും പങ്കിലമായ ഒരു ചരിത്രമുണ്ടെന്നും അവർ ഇപ്പോൾ കാണിക്കുന്നത് പ്രകടനങ്ങളാണെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചെന്നും അവരെ കുറിച്ച് ചിലത് പറയാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. തീക്ഷ്ണമായ സമരകാലത്ത് ബ്രിട്ടീഷുകാരുമായി സന്ധി ചെയ്ത് മാപ്പിരന്നവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ക്വിറ്റ് ഇന്ത്യ സമരത്തെ തള്ളിപ്പറഞ്ഞ അഞ്ചാം പത്തികളായിരുന്നു കമ്യൂണിസ്റ്റുകാർ. സായുധ വിപ്ലവത്തിലൂടെ നെഹ്റു സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണിവരെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
സ്വാതന്ത്ര്യ സമരസേനാനികളെ പിന്നിൽ നിന്ന് ഒറ്റിക്കൊടുത്തവർ 75-മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നുവെന്നത് രസകരമായ വസ്തുതയാണ്. 1939ൽ രണ്ടാം ലോക മഹായുദ്ധ കാലത്ത് റഷ്യയിലെ സ്റ്റാലിനും ജർമനിയിലെ ഹിറ്റ്ലറും തമ്മിൽ ഉടമ്പടിയുണ്ടാക്കി.
അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റുകൾ ഏകാധിപതിയായ ഹിറ്റ്ലറുടെ കൂടെയായിരുന്നു. സ്റ്റാലിനെ വഞ്ചിച്ച ഹിറ്റ്‍ലർ 1942ൽ റഷ്യയെ ആക്രമിച്ചു. ഇതിന് പിന്നാലെ ഉടമ്പടി തകരുകയും സ്റ്റാലിൻ ബ്രിട്ടന്‍റെ കൂടെചേർന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ ബ്രിട്ടീഷുകാരുടെ ഒപ്പം നിന്നു.
1942 ആഗസ്റ്റ് 9ന് ബ്രിട്ടീഷുകാർ ഇന്ത്യവിടണമെന്ന അന്ത്യശാസനം (ക്വിറ്റ് ഇന്ത്യ) കോൺഗ്രസ് പ്രഖ്യാപിച്ചു. ഈ തീഷ്ണമായ സ്വാതന്ത്ര്യ സമരനാളുകൾ സമരക്കാരെ സി.പി.എം ഒറ്റുകൊടുത്തു. 1947 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ സി.പി.എം കരിദിനം ആചരിച്ചു.
1948ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കൽക്കത്ത തിസീസിൽ ആയിരകണക്കിന് നിരപരാധികൾ സഞ്ചരിച്ച ട്രെയിനുകൾ ബോംബ് വെച്ച് തകർക്കാനും രാജ്യത്ത് അക്രമങ്ങൾ നടത്താനും പൊലീസ് സ്റ്റേഷൻ ആക്രമിക്കാനും ആഹ്വാനം ചെയ്തു.
രാജ്യം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ സന്ദർഭത്തിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന പ്രചാരണവുമായി കമ്യൂണിസ്റ്റുകൾ രംഗത്തെത്തിയത്. അതു കൊണ്ടാണ് വർഷങ്ങൾക്ക് ശേഷവും കമ്യൂണിസ്റ്റുകളുടെ പിൻഗാമികൾ ഭരണഘടനയെ തള്ളിപ്പറയുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.