തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ആശങ്കയുണർത്തി തടവുകാരിൽ കോവിഡ് പടരുന്നു. തിങ്കളാഴ്ച 110 തടവുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
മുഴുവൻ തടവുകാരുടെയും ആൻറിജൻ പരിശോധന പൂർത്തിയായപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 470 ആയി. രോഗം ബാധിച്ച കിളിമാനൂർ സ്വദേശി തടവുകാരൻ കഴിഞ്ഞദിവസം മരിച്ചു. നാല് ജീവനക്കാർക്കും തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു.
ഇതോടെ രോഗം ബാധിച്ച ജീവനക്കാരുടെ എണ്ണം ഒമ്പതായി. 100 ജീവനക്കാർക്കാണ് പരിശോധന നടത്തിയത്. നിലവിൽ 970 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതർ ജയിൽ സന്ദർശിച്ചു.
അതിനിടെ പൂജപ്പുരയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലെയും തടവുകാരിൽ ആൻറിജൻ പരിശോധന നടന്നുവരികയാണ്. ഞായറാഴ്ചയിലെ കണക്കനുസരിച്ച് ദക്ഷിണമേഖലിൽ 1215 തടവുകാരെ പരിശോധിച്ചതിൽ 427 പേർക്ക് രോഗം സ്ഥിരീകരിച്ചു.
തിങ്കളാഴ്ചത്തെ കണക്കുകൾകൂടി കൂട്ടിയാൽ ഇൗ മേഖലയിൽ രോഗബാധിതരുടെ എണ്ണം 537 ആകും. 217 ജീവനക്കാരെ പരിശോധിച്ചതിൽ 28 പേർ രോഗബാധിതരാണ്. തിങ്കളാഴ്ചയിലെ കണക്കുകൂടി കൂട്ടിയാൽ ഇത് 32 ആകും. മധ്യമേഖലയിൽ 97 തടവുകാരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല.
46 ജീവനക്കാരിൽ രണ്ടുപേർക്ക് രോഗമുണ്ട്. ഉത്തരമേഖലയിൽ 302 തടവുകാരെയും 172 ജീവനക്കാരെയും പരിശോധിച്ചതിൽ ഒരാൾക്കും രോഗമില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു.
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ പ്രായമുള്ള തടവുകാരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം.
കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് 72 കാരൻ മരിക്കുകയും തടവുകാരിൽ രോഗം പടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് പോസിറ്റായവരെയും നെഗറ്റിവായവരെയും രണ്ട് ഗ്രൂപ്പായി വിവിധ ബ്ലോക്കുകളിൽ പാർപ്പിക്കും.
ജയിലിൽ സ്പെഷൽ മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചതായി ജയിൽ മേധാവി ഋഷിരാജ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.