പാങ്ങിലെ സ്കൂളിന്റെ മുൻ വശം
മലപ്പുറം: ആ വളവിൽ പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിന് നഷ്ടമായത് ആറ് പേർ. പ്രധാനാധ്യാപികയടക്കം അഞ്ച് അധ്യാപികമാരും സ്കൂളിലെ പാചക തൊഴിലാളിയുമാണ് കണ്ണീരോർമയായത്.
പ്രധാനാധ്യാപിക പി. അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, പാചകതൊഴിലാളി സാജിത എന്നിവരാണ് സ്കൂളിന് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ നാട്ടിൽ നിന്ന് പുറപ്പെട്ട സംഘം വിവിധയിടങ്ങളിൽ സഞ്ചരിച്ച് വളവ് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം. എൽ.പി അധ്യാപികയായ കെ. ഹസനത്തും കെ.ജിയിലെ അധ്യാപികമാരായ യശോദ, റസീന എന്നിവരും പ്യൂൺ ഗോപാലനും വിനോദയാത്രയുടെ ഭാഗമായിരുന്നില്ല. ഇവർക്ക് സഹപ്രവർത്തകരുടെ മരണം വലിയ സങ്കടമാണ് സമ്മാനിച്ചത്. അപകടമറിഞ്ഞത് മുതൽ സ്കൂളിലെ പി.ടി.എ കമ്മിറ്റിയും വിദ്യാർഥികളും നാട്ടുകാരും പ്രാർഥനയിലായിരുന്നു.
എന്നാൽ, ഇവർ വിട പറഞ്ഞെന്ന് അറിഞ്ഞത് എല്ലാവരെയും കണ്ണീരിലാഴ്ത്തി. വേനലവധിക്ക് സന്തോഷത്തോടെയാണ് അടുത്ത അധ്യയനം തുടങ്ങുമ്പോൾ വീണ്ടും കാണാമെന്ന വാക്കിൽ വിദ്യാർഥികളും അധ്യാപകരും വിട പറഞ്ഞത്. എന്നാൽ അടുത്ത അധ്യയനവർഷം പുഞ്ചിരിയോടെ വരവേൽക്കാൻ തങ്ങളുടെ പ്രിയ ഗുരുനാഥൻമാരുണ്ടാകില്ലല്ലോയെന്നതാണ് വിദ്യാർഥികളുടെ മനോവേദന.
മലപ്പുറം കുറുവ പാങ്ങിൽനിന്ന് വിനോദസഞ്ചാരത്തിന് പോയ ടെമ്പോ ട്രാവലർ പൊള്ളാച്ചി വാൽപാറ ചുരത്തിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാൽപാറ സന്ദർശിച്ച് പൊള്ളാച്ചി വഴി മടങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് കേരളത്തെ നടുക്കിയ ദുരന്തം. നാലു പേർ പരിക്കേറ്റ് ചികിത്സയിലാണ്. ടെമ്പോ ട്രാവലർ ഡ്രൈവർ ഇന്ത്യനൂർ ചൂനൂരിലെ മുഹമ്മദ് ഫായിസ് (21), പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ ബസ് ഡ്രൈവർ വാഴേങ്ങലിലെ നൗഷാദ് (39), പാചകത്തൊഴിലാളി സാജിതയുടെ മകൻ ഷഹദിൻ (11), അധ്യാപിക ഷക്കീലയുടെ മകൾ മസ്നീൻ (10) എന്നിവരാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മധ‍്യവേനലവധിയായതിനാൽ സ്കൂളിലെ ജീവനക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ച് വെള്ളിയാഴ്ച പുലർച്ചെ വാൾപ്പാറയിലേക്ക് വിനോദയാത്ര പോയതായിരുന്നു. തൃശൂർ ചാലക്കുടി അതിരപ്പള്ളി വഴിയാണ് വാൾപ്പാറയിലെത്തിയത്. തിരികെ പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വീഴ്ചയിൽ ട്രാവലർ വാൻ പൂർണമായി തകർന്നടിഞ്ഞു. മറ്റൊരു വാഹനത്തിന് വഴി നൽകുന്നതിനിടെ വാൻ നിയന്ത്രണം തെറ്റി മറിഞ്ഞതാണെന്ന് കരുതുന്നു. പൊള്ളാച്ചി-വാൽപാറ റോഡിൽ മൊത്തം 40 ഹെയർപിൻ വളവുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.