നടുങ്ങി പാങ്ങ്; ഞെട്ടൽ മാറാതെ നാട്; അമ്പലപ്പറമ്പ് ഗവ. ഹൈസ്കൂളിൽ പൊതുദർശനം

മലപ്പുറം: വാൽപ്പാറയിലെ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ പാങ്ങ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തങ്ങളുടെ തൊട്ടടുത്ത സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനം മറിഞ്ഞകാര്യം നാട്ടിൽ അറിഞ്ഞത്. നടുക്കത്തോടെയാണ് വാർത്ത നാട് കേട്ടത്. ഇത് സത്യമാകരുതെ എന്ന് എല്ലാവരും പ്രാർഥിച്ചു. വാർത്ത സ്ഥിരീകരിക്കാൻ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ നേരിട്ടും ഫോണിലും വിളിച്ച് കാര്യങ്ങൾ തിരക്കി. ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ പലരേയും അത് തളർത്തി. മിക്കവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു.

ഇതോടെ ആളുകൾ സ്കൂളിലും പരിസരങ്ങളിലുമായി തടിച്ചുകൂടി. കേട്ടവർ നാടിന്റെ നാനാദിക്കുകളിൽനിന്നും സ്ഥലത്തേക്ക് ഒഴുകിയെത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് പാങ്ങ് ജി.എൽ.പി സ്കൂൾ അങ്കണത്തിലെത്തിയത്. ആളുകൾ പരസ്പരം സങ്കടവും വേദനയും പങ്കുവെച്ചു. അപകട വിവരം അറിഞ്ഞ ഉടൻ സ്കൂൾ പി.ടി.എ ഭാരവാഹികൾ വാൽപ്പാറയിലേക്ക് തിരിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഘം വിനോദയാത്രക്കായി പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽനിന്ന് പുറപ്പെട്ടത്. തിരിച്ചുവരുമ്പോഴാണ് ദുരന്തത്തിന് ഇരയായത്. അപ്രതീക്ഷിത സംഭവം നാടിനും മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിദ്യാർഥികൾക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. തങ്ങളുടെ പ്രധാനധ്യാപകനടക്കം പ്രിയഗുരുക്കൻമാരെ നഷ്ടപ്പെട്ടത് വിദ്യാർഥികൾക്ക് തീരാവേദനയായി.

പലർക്കും ദു:ഖമടക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റവർ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെയെന്ന് നാട് ഒന്നിച്ച് പ്രാർഥിക്കുകയാണ്. മലപ്പുറം കുറുവ പാങ്ങിൽനിന്ന് വിനോദസഞ്ചാരത്തിന് പോയ ടെമ്പോ ട്രാവലർ പൊള്ളാച്ചി വാൽപാറ ചുരത്തിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാൽപാറ സന്ദർശിച്ച് പൊള്ളാച്ചി വഴി മടങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് കേരളത്തെ നടുക്കിയ ദുരന്തം.

ഒമ്പതുപേരാണ് മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയും കൊളത്തൂർ പാലൂർ സ്വദേശിയുമായ ഗീത നിവാസിൽ പി. അജിത (55), ഈ സ്കൂളിലെ അധ്യാപകരായ പാങ്ങ് താണിക്കോട് മാഞ്ഞാംപള്ളി മമ്മദുവിന്‍റെ ഭാര്യ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങൽ കുഞ്ഞുമുഹമ്മദിന്‍റെ ഭാര്യ സുഹ്റ (43), കൊളത്തൂർ കറുപ്പത്താലിലെ ആശ (41), സ്കൂളിലെ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങൽതൊടി സാജിത (45), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക കടന്നാമുട്ടി വളഞ്ഞിപ്പുലാൻ ഷക്കീല (37), സുഹ്റയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ച മറ്റുള്ളവർ. നാലു പേർ പരിക്കേറ്റ് ചികിത്സയിലാണ്. ടെമ്പോ ട്രാവലർ ഡ്രൈവർ ഇന്ത്യനൂർ ചൂനൂരിലെ മുഹമ്മദ് ഫായിസ് (21), പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂൾ ബസ് ഡ്രൈവർ വാഴേങ്ങലിലെ നൗഷാദ് (39), പാചകത്തൊഴിലാളി സാജിതയുടെ മകൻ ഷഹദിൻ (11), അധ്യാപിക ഷക്കീലയുടെ മകൾ മസ്നീൻ (10) എന്നിവരാണ് കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

മധ‍്യവേനലവധിയായതിനാൽ സ്കൂളിലെ ജീവനക്കാരും സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ച് വെള്ളിയാഴ്ച പുലർച്ചെ വാൾപ്പാറയിലേക്ക് വിനോദയാത്ര പോയതായിരുന്നു. തൃശൂർ ചാലക്കുടി അതിരപ്പള്ളി വഴിയാണ് വാൾപ്പാറയിലെത്തിയത്. തിരികെ പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. വീഴ്ചയിൽ ട്രാവലർ വാൻ പൂർണമായി തകർന്നടിഞ്ഞു. മറ്റൊരു വാഹനത്തിന് വഴി നൽകുന്നതിനിടെ വാൻ നിയന്ത്രണം തെറ്റി മറിഞ്ഞതാണെന്ന് കരുതുന്നു. അപകടത്തിൽ മരിച്ച പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ 8.30ഓടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തി ചേരും. 10 മണി വരെ പൊതുദർശനം ഉണ്ടാകും. ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

Tags:    
News Summary - Valparai Accident: public viewing at Ambalaparmbu Govt. High School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.