തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടിലുറച്ച് പൊലീസ്. നിതിൻ രാജ് ആത്മഹത്യ ചെയ്യില്ലെന്നും ശരീരം കണ്ടിടത്ത് രക്തമില്ലായിരുന്നെന്നും കാലുകൾക്ക് മാത്രമേ പരിക്കുള്ളൂവെന്നും സഹോദരി ആരോപിച്ചിരുന്നു. ഈ വാദങ്ങൾ തള്ളുന്നതാണ് പൊലീസിന്റെ നിലപാട്.
അധ്യാപകരിൽനിന്ന് നേരിട്ട ദുരനുഭവം നിതിൻ സുഹൃത്തിനോട് പറഞ്ഞത് മരണത്തിന് രണ്ടു ദിവസം മുമ്പായിരുന്നെന്നും സഹോദരങ്ങളോടും ഇക്കാര്യം പറഞ്ഞിരുന്നെന്നും പൊലീസ് പറയുന്നു. അതിലെ മനോവിഷമവും ലോൺആപ്പിൽ നിന്നുള്ള സമ്മർദവുംമൂലം ആത്മഹത്യ ചെയ്തതാണെന്ന നിലപാടിലാണ് പൊലീസ്. ആരോപണവിധേയരായ ഡോ. എം.കെ. റാമിന്റെയും ഡോ. സംഗീതയുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മുൻകൂർ ജാമ്യഹരജി നൽകിയ ഇരുവരെയും നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് നീക്കം. ഒളിവിൽ പോയശേഷമാണ് ഇരുവരും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അധ്യാപകർ മുൻകൂർ ജാമ്യംതേടി
തലശ്ശേരി: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ അധ്യാപകർ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹരജി സമർപ്പിച്ചു.
കോളജിലെ ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി മേധാവി ഡോ. എം.കെ. റാം, അസോ. പ്രഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരാണ് അഭിഭാഷകരായ കിഷോർ, വിജയകൃഷ്ണൻ എന്നിവർ മുഖാന്തിരം മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തത്. ഹരജിയിൽ 22ന് കോടതി വാദം കേൾക്കും. അറസ്റ്റ് ഭയന്ന് ഒരാഴ്ചയായി ഇരുവരും ഒളിവിലാണ്.
ജീവനൊടുക്കുന്നതിനുമുമ്പ് നിതിൻരാജ് രണ്ടുമണിക്കൂറോളം കോളജ് പ്രിൻസിപ്പലിന്റെ മുറിയിലാണ് ഉണ്ടായിരുന്നതെന്നും മരണത്തിൽ ബന്ധമില്ലെന്നും ഡോ. റാമും ഡോ. സംഗീതയും മുൻകൂർ ജാമ്യഹരജിയിൽ ചൂണ്ടിക്കാട്ടി. നിതിൻ പ്രിൻസിപ്പലിന്റെ റൂമിലുണ്ടായ സമയം വൈസ് പ്രിൻസിപ്പലും ഡോ. ലതയും ഉൾപ്പെടെ മറ്റുപലരും മുറിയിലുണ്ടായിരുന്നു. നിതിൻ പ്രിൻസിപ്പലിന്റെ മുറിയുടെ മുന്നിൽ നിൽക്കുന്നത് മറ്റുള്ളവർ കണ്ടിട്ടുണ്ട്. ഡോ. ലതയാണ് നിതിനെതിരെ സൈബർ സെല്ലിന് പരാതി നൽകിയത്. മൂന്നാഴ്ചമുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് തങ്ങളെ പ്രതി ചേർത്തതെന്നും ഇരുവരും ഹരജിയിൽ പറയുന്നു. ഹരജിയിൽ തീർപ്പാകുന്നതുവരെ അറസ്റ്റ് വിലക്കണമെന്ന അപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാറാണ് ഹാജരായത്.
ലോണ്‍ ആപ്പിനെതിരെ കേസ്
കണ്ണൂര്‍: നിതിന്‍രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ‘ഇന്‍സ്റ്റാ പേ’ എന്ന ലോണ്‍ ആപ്പിനെതിരെയാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. ജനുവരി 14ന് ഈ ആപ്പ് വഴി 36 ശതമാനം പലിശനിരക്കില്‍ 15,000 നിതിൻരാജ് വായ്പയെടുത്തിരുന്നു.
പണം തിരിച്ചടക്കാന്‍ ആപ്പ് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഏപ്രില്‍ ഒമ്പതിനും നിതിന്‍രാജിനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥി മാനസികമായി തകർന്നെന്നും എഫ്.ഐ.ആറിലുണ്ട്. കണ്ണൂര്‍ സൈബര്‍ പൊലീസിന്റെ പരാതിയിലാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.