സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൂടി കോവിഡ്; 10 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ വെള്ളിയാഴ്​ച 62 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1150 ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 577 ​േപരാണ്​ രോഗം ബാധിച്ച്​ നിലവിൽ ചികിത്സയിൽ കഴിയുന്നത്​. പാലക്കാട് - 14, കണ്ണൂര്‍ -ഏഴ്​, തൃശൂര്‍ -ആറ്​,  പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം -അഞ്ചു വീതം,  എറണാകുളം, കാസർകോട്​  -നാലു വീതം, ആലപ്പുഴ -മൂന്ന്​, കൊല്ലം, വയനാട് - രണ്ടു വീതം,  കോട്ടയം, ഇടുക്കി, കോഴിക്കോട്  ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ എയര്‍ ഇന്ത്യ വിമാനത്തിലെ രണ്ട്​ ജീവനക്കാർക്കും രോഗം സ്​ഥിരീകരിച്ചു​. 

രോഗം സ്​ഥിരീകരിച്ചവരിൽ 33 പേര്‍ വിദേശത്തുനിന്നും (യു.എ.ഇ -13, കുവൈത്ത്​ -ഒമ്പത്​, സൗദി അറേബ്യ -ഏഴ്​, ഖത്തര്‍ -മൂന്ന്​, ഒമാന്‍ -ഒന്ന്​) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും (തമിഴ്​നാട്-10, മഹാരാഷ്​ട്ര-10, കര്‍ണാടക -ഒന്ന്​, ഡല്‍ഹി -ഒന്ന്​, പഞ്ചാബ് -ഒന്ന്​)  എത്തിയവരാണ്​. തിരുവനന്തപുരം നെയ്യാറ്റിൻകര സ്​പെഷൽ സബ്​ജയിലിലെ രണ്ട്​  തടവുകാര്‍ക്കും പാലക്കാട്​ ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. എറണാകുളം ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് കോട്ടയം ജില്ലയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി ജോഷി നിര്യാതനായതായി മുഖ്യമന്ത്രി അറിയിച്ചു. ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനഫലം നെഗറ്റിവായി. വയനാടുനിന്നുള്ള അഞ്ചു പേരുടെയും കണ്ണൂരിൽനിന്നുള്ള മൂന്നു​ പേരുടെയും (രണ്ട്​  കോഴിക്കോട് സ്വദേശികൾ), മലപ്പുറം, കാസർകോട്​ ജില്ലകളില്‍നിന്നുള്ള ഓരോരുത്തരുടെയും ഫലമാണ് നെഗറ്റിവായത്.

വിവിധ ജില്ലകളിലായി 1,24,167 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,23,087 പേര്‍ വീട്/ഇൻസ്​റ്റിറ്റ്യൂഷനൽ  ക്വാറൻറീനിലും 1080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് വെള്ളിയാഴ്​ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇതുവരെ 62,746 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ലഭ്യമായ 60,448 സാമ്പിളുകൾ നെഗറ്റിവാണ്. മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 11,468 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 10,635 എണ്ണം നെഗറ്റിവായി. 

22 പ്രദേശങ്ങളെക്കൂടി പുതിയ ഹോട്​സ്‌പോട്ടുകളാക്കി. തിരുവനന്തപുരത്തെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കല്‍, വാമനപുരം, കോഴിക്കോ​െട്ട തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേല്‍, കുറ്റിയാടി, വളയം, വടകര മുനിസിപ്പാലിറ്റി, കണ്ണൂരിലെ കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട്, കാസർകോട്​ കുമ്പള, പാലക്കാ​െട്ട കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂര്‍, കോട്ടോപ്പാടം എന്നിവയാണ് പുതിയ ഹോട്​സ്‌പോട്ടുകള്‍. മൂന്ന്​ പ്രദേശങ്ങളെ ഹോട്​സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. നിലവില്‍ ആകെ 101 ഹോട്​സ്‌പോട്ടുകളുണ്ട്​​. 

വിമാനത്താവളം വഴി 15,926 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്​റ്റ്​ വഴി 94,812 പേരും റെയില്‍വേ വഴി 8932 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,21,291 പേരാണ് മടങ്ങിയെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹവ്യാപനമില്ല, കണക്കുകൾ നിരത്തി മുഖ്യമന്ത്രി

തിരു​വനന്തപുരം: കേരളത്തിൽ സമൂഹവ്യാപനമില്ലെന്ന്​ കണക്കുകൾ നിരത്തി മുഖ്യമന്ത്രി. ഏപ്രിൽ 26ന്​ വിവിധ മേഖലകളിലുള്ളവരു​ം രോഗപ്പടർച്ച സാധ്യതയുള്ളവരുമായ ആരോഗ്യപ്രവർത്തകരടക്കം ​3,128​ പേരുടെ സാമ്പിളുകൾ ശേഖരിച്ചു. അതിൽ നാല്​ പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. പ്രവാസികളിൽ പൊതുവായി നടത്തിയ പൂൾഡ്​ പരിശോധനയിൽ 29 പേർക്കും. ഈ കണക്കുകള്‍ അടിസ്​ഥാനപ്പെടുത്തിയാണ്​ സംസ്ഥാനത്ത് സമൂഹവ്യാപനമി​െല്ലന്ന്​ പറയുന്നത്​. 

സംസ്​ഥാനത്ത്​ 2019 ജനുവരി ഒന്നു മുതല്‍ മേയ് 15 വരെ 93,717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 73,155 മരണങ്ങളും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്​ മരണസംഖ്യ 20,562 കുറഞ്ഞു. ഈ ജനുവരി അവസാനമാണ് കോവിഡ് ബാധ കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സമൂഹവ്യാപനമുണ്ടെങ്കില്‍ ഇതായിരിക്കില്ല സ്​ഥിതി. 

ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മെഡിക്കല്‍ ബോര്‍ഡ് ശാസ്ത്രീയമായി വിശകലനം ചെയ്തു. ഇതനുസരിച്ച് 2018 ലേതില്‍നിന്ന് ജനുവരി-മേയ് കാലയളവിലെ പനി ബാധിതരുടെയും ന്യുമോണിയ, ശ്വാസതടസ്സം തുടങ്ങിയവയുമായി എത്തിയ രോഗികളുടെയും എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്​.

കോവിഡ്​ ഇതുവരെ ബാധിച്ചത്​ 28 ആ​േരാഗ്യപ്രവർത്തകർക്ക്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​. ആശുപത്രിയില്‍ രോഗീപരിചരണത്തില്‍ ഏര്‍പ്പെട്ടവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരും ഉൾപ്പെടു​ന്നു. 
കോവിഡ് മാനേജ്മ​െൻറിന് മാത്രമായി മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ മുഖേന ഇതുവരെ സർക്കാർ  620.71 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. അതില്‍ 227.35 കോടി രൂപ ചെലവിട്ടു. 

Latest Video:

Full View

Tags:    
News Summary - Covid Kerala Status today -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.