ഫറോക്ക്: സ്വകാര്യ വ്യക്തി വാഹനത്തിൽ കോവിഡ് അനൗൺസ്മെൻറ് നടത്തിയത് ജനങ്ങളിൽ ആശങ്കക്കിടയാക്കി. ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നു കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ജനം ജാഗ്രത കാണിക്കണമെന്നും കൂട്ടംകൂടി നിൽക്കരുതെന്നും മാസ്ക് ധരിക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുക്കുമെന്നുമുള്ള മുന്നറിയിപ്പുമായാണ് പൊലീസിൽനിന്ന് ലേലത്തിൽ വാങ്ങിയ ജീപ്പിൽ അനൗൺസ്മെൻറ് നടത്തിയത്.
കഴിഞ്ഞയാഴ്ച രാമനാട്ടുകര പുല്ലുംകുന്ന് ഭാഗത്ത് സ്ഥിരീകരിച്ച രണ്ടു കേസും ഫാറൂഖ് കോളജ് കരുമകൻകാവ് പരിസരത്തെ ഒരു കേസുമാണ് ഫറോക്കിൽ മൂന്ന് കോവിഡ് കേസുകൾ സ്ഥിരീകരിച്ചെന്ന പേരിൽ, വാഹനത്തിൽ അനൗൺസ് ചെയ്തത്. ഇത് പുതിയ കേസുകളാണെന്ന ധാരണയാണ് ആശങ്കക്കിടയാക്കിയത്.
മുന്നറിയിപ്പ് കേട്ടവർ ആരോഗ്യ പ്രവർത്തകരെയും ജനപ്രതിനിധികളെയും മാധ്യമപ്രവർത്തകരെയും ബന്ധപ്പെട്ടാണ് ആശങ്ക അകറ്റിയത്. ഈ മൂന്നു കേസുകളും ഫറോക്ക് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ ദിവസങ്ങൾക്കുമുമ്പ് അറിയിച്ചതാണ്. മുന്നറിയിപ്പ് കേട്ട പല വ്യാപാരികളും കടകൾ വൈകുന്നേരത്തോടെ അടച്ചു. അനൗൺസ്മെൻറ് വാഹനത്തിെൻറ പിൻസീറ്റിൽ ഹോം ഗാർഡും ഉണ്ടായിരുന്നു.
നേരത്തേ ഈ യുവാവ് ജീപ്പുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ഫറോക്ക് സ്റ്റേഷൻ പരിധിയിൽ കറങ്ങിയത് പരാതിക്കിടയാക്കിയിരുന്നു. പൊലീസുമായി നല്ല സൗഹൃദത്തിലുള്ള യുവാവ് ഈ ബന്ധം വെച്ചാണ് സൂപ്പർ പൊലീസ് ചമയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് നേരത്തേ ഔദ്യോഗിക വാഹനത്തിലാണ് ഫറോക്ക് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാൽ, പതിവിൽനിന്ന് വിപരീതമായി സ്വകാര്യ വ്യക്തിക്ക് അദ്ദേഹത്തിെൻറ ജീപ്പിൽ അനൗൺസ്മെൻറ് നടത്താൻ അനുമതി നൽകിയത് പരക്കെ പരാതിക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.