എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്തു നടന്ന പൊതുസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട്: തൊഴിലാളി വിരുദ്ധവും മുതലാളിത്ത ശക്തികൾക്ക് അനുകൂലവുമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി തങ്ങൾ. സ്വതന്ത്ര തൊഴിലാളി യൂനിയൻ (എസ്.ടി.യു) സംസ്ഥാന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിൽസുരക്ഷ ഉറപ്പാക്കിയിരുന്ന തൊഴിലുറപ്പു പദ്ധതിയെ ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ഇത്തരം തൊഴിൽവിരുദ്ധ സമീപനങ്ങൾക്കെതിരേ പൊരുതേണ്ട ബാധ്യത തൊഴിലാളി സംഘടനകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലവിലുള്ളത് ഇടതുപക്ഷ സർക്കാർ അല്ലെന്നും ആ പേര് ചേരാത്തവിധം അവർ വലതുപക്ഷമായി മാറിയെന്നും മുഖ്യപ്രഭാഷണം നടത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള ജനതക്ക് കടലാമ വികസന പദ്ധതി സമ്മാനിച്ച കേന്ദ്ര ബജറ്റ് കേരള ജനതയെ പരിഹസിക്കലാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു.
എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം, എം.എൽ.എമാരായ കെ.പി.എ. മജീദ്, എൻ. ഷംസുദിൻ, ഉബൈദുല്ല, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, സുഹറ മമ്പാട്, നൂർബിന റഷീദ്, ലീഗ് ജില്ല പ്രസിഡന്‍റ് എം.എ. റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജന. സെക്രട്ടറി കെ.പി. മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. സരോവരത്തുനിന്ന് തുടങ്ങിയ റാലി കടപ്പുറത്ത് സമാപിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.