തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ കുരുങ്ങി സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം കാത്തിരിക്കുന്നത് 22,000ത്തോളം അധ്യാപകർ. 2018 മുതൽ നിയമനാംഗീകാരം കാക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഈ കണക്ക് വാർത്തസമ്മേളനത്തിൽ അറിയിച്ചത്.
ഭിന്നശേഷി നിയമനത്തിനുള്ള തസ്തികകൾ ഒഴിച്ചിട്ട് മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകാമെന്ന് എൻ.എസ്.എസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽനിന്ന് ലഭിച്ച വിധി ഇതര മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കുന്നത് സംബന്ധിച്ച ഹരജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കോടതി അനുമതി ലഭിച്ചാൽ അധ്യാപകർക്ക് നിയമനതീയതി മുതൽ അംഗീകാരം നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോടതി നിർദേശപ്രകാരം, ഭിന്നശേഷി നിയമനം പൂർണമായും പാലിക്കുന്നതുവരെ ചില അധ്യാപകർക്ക് താൽക്കാലികമായും ദിവസവേതനാടിസ്ഥാനത്തിലുമാണ് നിയമനം നൽകിയത്.
ഇങ്ങനെ നിയമിക്കപ്പെട്ടവർക്ക് പെൻ നമ്പർ, ലീവ്, ഗ്രൂപ്പ് ഇൻഷുറൻസ്, പി.എഫ്, സ്ഥാനക്കയറ്റം തുടങ്ങിയ ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാധുവായ ആധാർ നമ്പർ ഇല്ലാത്തതിനെത്തുടർന്ന് തസ്തിക നിർണയത്തിന് പരിഗണിക്കാതിരുന്ന കുട്ടികളുടെ എണ്ണം ഇതിന് പരിഗണിക്കുന്നതുസംബന്ധിച്ച ഫയൽ ധനവകുപ്പിന്റെ പരിഗണനയിലാണ്. അംഗീകാരം ലഭിച്ചാലുടൻ ഉത്തരവ് പുറപ്പെടുച്ച് ഒരു മാസത്തിനകം നിയമനത്തിനായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.