സൗദിയ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള വരവേൽപ് ടി.വി. ഇബ്രാഹിം എം.എല്‍.എ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൗദിയ എയര്‍ലൈന്‍സ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സർവിസുകള്‍ പുനരാരംഭിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.20ന് പുറപ്പെട്ട എസ്.വി 712 വിമാനം രാവിലെ 8.15ന് കരിപ്പൂരിലെത്തി. വിമാനത്തിലെ യാത്രികര്‍ക്കും ജീവനക്കാർക്കും വിമാനത്താവളത്തില്‍ ഊഷ്മള വരവേല്പ് നല്കി. അഞ്ചര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൗദിയ എയര്‍ലൈന്‍സ് കരിപ്പൂര്‍ കേന്ദ്രീകരിച്ച് സർവിസ് പുനരാരംഭിക്കുന്നത്.
കോല്‍ക്കളി, അറബന, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെയാണ് വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്താവളത്തിലേക്ക് എതിരേറ്റത്. ടി.വി. ഇബ്രാഹിം എം.എല്‍.എ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വിമാനത്താവള ഡയറക്ടര്‍ മുകേഷ് യാദവ്, ജീവനക്കാര്‍, സൗദിയ എയര്‍ലൈന്‍സ് പ്രതിനിധികള്‍, ആദ്യ വിമാനത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ 9.45ന് വിമാനം തിരിച്ച് റിയാദിലേക്ക് പറന്നു.
പ്രതീക്ഷിച്ചതിലും 10 മിനിറ്റ് നേരത്തെ കരിപ്പൂരിലെത്തിയ വിമാനത്തിലെ യാത്രികരെല്ലാം സേവനത്തില്‍ തൃപ്തിയറിയിച്ചു. സൗദി എയര്‍ലൈന്‍സിന്റെ ചെറിയ വിമാനമാണ് നിലവില്‍ സർവിസ് ആരംഭിച്ചിരിക്കുന്നത്. 165 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇകോണമി ക്ലാസ് സീറ്റുകളുമാണുള്ളത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ നാല് ദിവസങ്ങളില്‍ റിയാദില്‍നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമാണ് സർവിസ് നടത്തുന്നത്. ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് സർവിസുകള്‍.
കരിപ്പൂരില്‍നിന്നുള്ള സർവിസുകളുടെ എണ്ണം വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. നിലവിലെ റിയാദ് സർവിസിന് പുറമെ ജിദ്ദ, ദമ്മാം സർവിസുകള്‍ കൂടി ആരംഭിക്കാനാണ് പദ്ധതി. ഇത് മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകും.
നേരത്തെ സൗദിയ എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ കേന്ദ്രീകരിച്ച് സർവിസ് നടത്തിയിരുന്നു. റണ്‍വേ റീകാർപറ്റിങ് പ്രവൃത്തികളുടെ ഭാഗമായി 2015 മേയിൽ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ മുടങ്ങിയ സർവിസുകള്‍ 2019ല്‍ പുനരാരംഭിച്ചിരുന്നു. എന്നാൽ, 2020 ആഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വന്നതോടെ വിമാന കമ്പനി കരിപ്പൂരില്‍നിന്നുള്ള സർവിസുകള്‍ പൂര്‍ണമായി നിര്‍ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.