കോവിഡ് മുന്‍കരുതല്‍: വീണ്ടും കരുതൽ നാളുകൾ

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും നിർദേശിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ വർധിപ്പിക്കും.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേർന്നു. ആശങ്ക വേണ്ടെങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കമെന്നും യോഗം നിർദേശിച്ചു. മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്തവര്‍ വാക്‌സിന്‍ എടുക്കണം. ലക്ഷണമുള്ളവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും.

പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാൻ ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ ചികിത്സതേടണം. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങരുത്. കോവിഡിനെതിരായ അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ താരതമ്യേന കുറവാണ്. ഡിസംബറിൽ ആകെ 1431 കേസുകള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും കുറവാണ്. എൻ.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Covid-19 Warning: Caution days again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.