മലപ്പുറം: കോവിഡ് വ്യാപനം കൂടുേമ്പാൾ നാല് മാസങ്ങൾക്കു ശേഷവും ഇനി എന്തു ചെയ്യണമെന്നറിയാതെ കഴിയുന്ന വിഭാഗമാണ് പാചകത്തൊഴിലാളികളും കാറ്ററിങ് മേഖലയിലുള്ളവരും. വിവാഹങ്ങൾക്കും ചെറുതും വലുതുമായ ചടങ്ങുകൾക്കും വിഭവങ്ങളൊരുക്കി ജീവിക്കുന്ന ഒന്നരലക്ഷം പാചകത്തൊഴിലാളികളുണ്ട് സംസ്ഥാനത്ത്. അവരെ ആശ്രയിച്ച് കഴിയുന്നവർ പിന്നെയും ലക്ഷങ്ങൾ വരും. ജില്ലയിൽ 10,000ലധികം തൊഴിലാളികളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 40 ശതമാനം പേരും വാടകവീടുകളിൽ താമസിക്കുന്നവരാണ്.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിവാഹങ്ങളും ഇതര ചടങ്ങുകളും കാര്യമായി നടക്കുന്നത്. ഈ സീസണിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ബാക്കിയുള്ള മാസങ്ങളിൽ വിവാഹസദ്യകളും മറ്റും കുറവാകുേമ്പാഴും മഹാഭൂരിപക്ഷവും കഴിഞ്ഞുകൂടുന്നത്. എന്നാൽ, കോവിഡ് വന്നതോടെ എല്ലാം തകിടംമറിഞ്ഞു. ഫെബ്രുവരി അവസാനത്തോടെ തന്നെ ഏറ്റെടുത്ത പരിപാടികൾ പലതും മാറ്റി. മാർച്ച് തുടക്കത്തിൽ പലർക്കും ജോലി ഇല്ലാതായി. ലോക്ഡൗൺ കൂടി വന്നതോടെ വരുമാനമാർഗം പൂർണമായി അടഞ്ഞു.
സർക്കാർ നൽകിയ കിറ്റുകളും സന്നദ്ധസംഘടനകളുടെ സഹായവും റേഷൻ കടകളിലെ വിഭവങ്ങളുമൊക്കെ കിട്ടിയതുകൊണ്ട് പട്ടിണി ഒഴിവായി എന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ, നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായി. അതിപ്പോഴും തുടരുന്നു. സ്ത്രീ തൊഴിലാളികളുടെ കുടുംബങ്ങളാണ് കടുത്ത പ്രതിസന്ധിയിലായത്. മൂന്ന് മാസത്തോളം ഒരുരൂപ വരുമാനമില്ലാതെ എല്ലാവരും വീട്ടിലിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്നതോടെ തൊഴിലുറപ്പിന് പോയാണ് ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. 1000 രൂപ സർക്കാറിൽനിന്ന് സഹായം ലഭിച്ചു. എന്നാൽ, റേഷൻ കാർഡിെല ഒരംഗത്തിന് ഏതെങ്കിലും സാമൂഹിക പെൻഷൻ ലഭിക്കുന്നവർക്ക് ഈ സഹായവും കിട്ടിയില്ല. എല്ലാ മേഖലകളിലും ഇളവുകൾ വന്നെങ്കിലും വിവാഹവും മറ്റു ചടങ്ങുകളും 50 ആളുകളിൽ പരിമിതപ്പെടുത്തിയതോടെ മഹാഭൂരിപക്ഷം തൊഴിലാളികളും വീട്ടിൽ തന്നെ കഴിയേണ്ട സാഹചര്യമാണ്.
‘ഞങ്ങൾ എന്തു ചെയ്യണം’
മുഖ്യമന്ത്രിക്കും തൊഴിൽ, ആരോഗ്യ മന്ത്രിമാർക്കും ഇ-മെയിൽ അയച്ചു. എല്ലാ ജില്ല ആസ്ഥാനങ്ങളിലും നഗരസഭ ഓഫിസുകൾക്ക് മുന്നിലും വില്ലേജ് ഓഫിസ് പരിസരത്തുമൊക്കെ ഞങ്ങൾ സമരം നടത്തി. എന്നിട്ടും ഒരു രക്ഷയുമില്ലെന്നും അധികൃതർ കണ്ണുതുറന്നില്ലെന്നും ആയിരക്കണക്കിന് തൊഴിലാളികൾ എന്താണ് ചെയ്യേണ്ടതെന്നും കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻ പാറയിൽ ചോദിക്കുന്നു. സാമൂഹിക അകലം പാലിച്ച് കൂടുതൽ ആളുകൾക്ക് പങ്കെടുക്കാവുന്ന ചടങ്ങുകൾ നടത്താൻ അനുവാദം നൽകണം. പലിശരഹിത വായ്പയായി ഓരോ തൊഴിലാളിക്കും അടിയന്തരമായി 25,000 രൂപയെങ്കിലും അനുവദിക്കണമെന്നും ഉസ്മാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.