എന്താണ് പറയാനുള്ളതെന്ന് കോടതി, 'തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' -നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര

പാലക്കാട്: എന്താണ് പറയാനുള്ളതെന്ന കോടതിയുടെ ചോദ്യത്തിന് 'തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' എന്ന് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര. വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണ് ചെയ്തത്, എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ചെന്താമര ഇങ്ങനെ മറുപടി നൽകിയത്. കേസിൽ ചെന്താമരയുടെ ശിക്ഷാവിധി ഈ മാസം 15ന് പറയും.

നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജാണ് കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റാണെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് 'തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ' എന്നാണ് ചെന്താമര മറുപടി പറഞ്ഞത്. പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ചെന്താമര.

അതേസമയം, ചെന്താമരക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. പ്രതിക്ക് ആരെയും ഭയമില്ലെന്നും പറഞ്ഞ സുധാകരന്റെ മക്കൾ കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. സുധാകരന്റെ മക്കൾക്ക് സർക്കാർ ജോലി നൽകണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടു. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും 2025 ജനുവരി 27നാണ് ചെന്താമര വെട്ടിക്കൊന്നത്. കുറ്റകൃത്യം നടന്ന് ഒന്നര വർഷമാകുമ്പോഴാണ് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ വിധി. ബി.എൻ.എസ് 103 (1), 126(2) വകുപ്പുകൾ ചെന്താമരക്ക് എതിരെ തെളിഞ്ഞു. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.

സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വഴിയിലിട്ട് വെട്ടി. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി ആശുപത്രിയിൽ മരിച്ചു. ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ട് ദിവസത്തിന് ശേഷം പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മാർച്ച് 25ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികളെ കോടതി വിസ്തരിച്ചു. ഇതിൽ നാലുപേർ കൂറുമാറി. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കോടതിക്ക് മുന്നിൽ വന്നു.

ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നിൽ നിന്ന് അകലാൻ കാരണമെന്നുമാണ് ഇയാൾ വിശ്വസിക്കുന്നത്. ഇതിന്റെ വൈരാഗ്യത്തിലാണ് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയായിരുന്നു സുധാകരനെയും ലക്ഷ്മിയെയും ചെന്താമര കൊന്നത്.

Tags:    
News Summary - What do you have to say? 'Sentence me to be hanged' - Chenthamara, accused in Nenmara double murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.