റവന്യുവിലെ അഴിമതി: 281 ജീവനക്കാർക്കെതിരെ നടപടി, 124 പേർക്കെതിരെ വിജിലൻസ് കേസ്

തിരുവനന്തപുരം: മുൻ സർക്കാറിന്‍റെ കാലം മുതൽ നാളിതുവരെ റവന്യു വകുപ്പിൽ 281 ജീവനക്കാർക്കെതിരെ അഴിമതി കേസിൽ വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ.രാജൻ. 124 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. 155 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 72 പേർക്കെതിരെ ശിക്ഷാനടപടിയും സ്വീകരിച്ചുവെന്ന് മന്ത്രി രേഖാമൂലം നിയമസഭയിൽ മറുപടി നൽകി.

ലാൻഡ് റവന്യു വകുപ്പിൽ സുശക്തമായ ആഭ്യന്തര വിജിലൻസ് സംവിധാനം നിലവിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളെ ഉൾപ്പെടുത്തി മേഖലകളായി തിരിച്ച് ഓരോ മേഖലയും ഒരു വിജിലൻസ്, ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ വിജിലൻസ് സംവിധാനം പ്രവർത്തിക്കുന്നു. സർക്കാർ, ലാൻഡ് റവന്യു കമീഷണർ എന്നിവർക്ക് ലഭിക്കുന്ന പരാതികളിലും ജനങ്ങളിൽ നിന്ന് നേരിട്ടു ലഭിക്കുന്ന പരാതികളിലും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിജിലൻസ് ഡെപ്യൂട്ടി കലക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.

ലാൻഡ് റവന്യു കമീഷണറുടെ കാര്യാലയത്തിൽ തന്നെ ഒരു അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിൽ മൂന്ന് സെക്ഷനുകളിലായി പരിശോധന വിഭാഗം പ്രവർത്തിക്കുന്നു. ഓരോ സെക്ഷനിലും സീനിയർ സുപ്രണ്ടിന്റെ നേതൃത്വത്തിൽ ജനിയർ സൂപ്രണ്ടുമാർ, ക്ലാർക്കുമാർ എന്നിവർ അടങ്ങുന്ന സംഘം നിലവിലുണ്ട്. ഈ സംഘം കലക്ടറേറ്റുകൾ, റവന്യൂ ഡിവിഷണൽ ഓഫീസുകൾ, വില്ലേജ് ഓഫിസുകൾ എന്നിവ യഥാസമയം പരിശോധിക്കുന്നു.

സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നതിനായി സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ സീനിയർ സൂപ്രണ്ട് സെക്ഷൻ ഹെഡ് ആയി ഒരു ആഭ്യന്തര ഓഡിറ്റ് വിഭാഗം പ്രവർത്തിക്കുന്നു. ലാൻഡ് റവന്യു വകുപ്പിന്റെ കീഴിൽ വരുന്ന വില്ലേജ് ഓഫിസുകൾ ഉൾപ്പെടെയുള്ള എല്ലാ ഓഫിസുകളിലും സമഗ്ര പരിശോധന നടത്തുന്നതിന് കമീഷണറേറ്റിലെ പരിശോധന വിഭാഗവും ഓഡിറ്റ് വിഭാഗവും പ്രവർത്തിക്കുന്നു

ജില്ലകളിൽ ഒരു സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ഷൻ ആന്റ് വിജിലൻസ് പേരിൽ ഒരു സെക്ഷൻ പ്രവർത്തിക്കുന്നു. ജില്ലക്ക് അകത്ത് വരുന്ന മുഴുവൻ റവന്യു ഓഫിസുകളിലും പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഈ ടീമിന് അധികാരമുണ്ട്.

താലൂക്ക് തലത്തിൽ ഡെപ്യൂട്ടി തഹസീൽദാരുടെ നേതൃത്വത്തിൽ പരിശോധന വിഭാഗവും സജീവമായി പ്രവർത്തിക്കുന്നുണ്ട്. വില്ലേജ് ഓഫീസ് ജീവനക്കാർക്കെതിരെ ലഭിക്കുന്ന പരാതികളിന്മേൽ സത്വര നടപടികൾ സ്വീകരിക്കുന്നുണ്ട്. ഗൗരവകരമായ സംഗതികളിന്മേൽ അച്ചടക്ക നടപടി ഉൾപ്പെടെ സ്വീകരിച്ചു വരുന്നു. അഴിമതി വിവരം വിജിലൻസിൽ അറിയിക്കുന്നതിന് വിജിലൻസ് അധികാരിയുടെ ഫോൺ നമ്പർ ഉൾപ്പെടെ മേൽവിലാസം കാണിക്കുന്ന ബോർഡുകൾ വില്ലേജ് ഓഫീസ് ഉൾപ്പെടെ എല്ലാ റവന്യു ഓഫീസുകളിലും സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി കെ. ബാബുവിന് മറുപടി നൽകി. 

Tags:    
News Summary - Corruption in Revenue: Action against 281 employees, vigilance case against 124 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.