കോട്ടയം: പാചകവാതക പ്രതിസന്ധിയിൽ സംസ്ഥാനത്തെ വ്യാപാര, വ്യവസായ മേഖല നിശ്ചലമാകുകയാണെന്ന് വ്യാപാരികൾ. ഭൂരിപക്ഷം ഹോട്ടലുകളും പ്രവർത്തനരഹിതമായി. ചിക്കൻ വ്യാപാരികളും അനുബന്ധ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ഭീമമായ പലിശക്കു കടം വാങ്ങി സ്ഥാപനം നടത്തുന്നവർക്കാണ് ഏറ്റവും വലിയ ആഘാതം. ഹോട്ടൽ വ്യവസായ മേഖലയെ ആവശ്യ സർവിസായി കണക്കാക്കി പാചകവാതക സിലിണ്ടർ ലഭ്യമാക്കണം. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഹോട്ടലുകളും ബേക്കറികളും അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതടക്കം സമരം ആലോചിക്കും. ആദ്യപടിയായി 23ന് എല്ലാ ജില്ല കേന്ദ്രത്തിലും കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജില്ല സെക്രട്ടറി ജോജി ജോസഫ്, ഹോട്ടൽ ആൻഡ് ബേക്കേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് യാസർ അറാഫത്ത്, വൈസ് പ്രസിഡന്റ് തോമസ് കുര്യൻ, സംസ്ഥാന കമ്മിറ്റിയംഗം രതീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൊച്ചി: തിങ്കളാഴ്ചത്തെ കടയടപ്പ് സമരം മാറ്റിവെച്ച് കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ. പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കമീഷണർ വിളിച്ച യോഗത്തിൽ ഹോട്ടലുകൾക്ക് 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ ആവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.
സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ തോത് ഉയർത്തുമെന്നും കമീഷണർ ഉറപ്പുനൽകി. കൂടാതെ പൈപ് ലൈൻ ഗ്യാസ് വിതരണം ചെയ്യുന്ന പ്രദേശങ്ങളിൽ ദ്രുതഗതിയിൽ ഹോട്ടലുകൾക്ക് കണക്ഷൻ നൽകുന്ന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ഓയിൽ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. എല്ലാ ജില്ലകളിലും സപ്ലൈ ഓഫിസർമാരുടെ നേതൃത്വത്തിൽ കെ.എച്ച്.ആർ.എ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൽ റസാഖും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.