തരൂർ മോദിയെയും പിണറായിയെയും സ്തുതിക്കുന്നു, ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ വലിയ ബുദ്ധിമുട്ടാകും; ശ്വാസം മുട്ടുന്നുവെങ്കിൽ അദ്ദേഹം പാർട്ടി വിടണം -കെ. മുരളീധരൻ
തിരുവനന്തപുരം: വിവാദങ്ങൾ ശക്തമാകുന്നതിനിടെ, ശശി തരൂർ എം.പിക്കെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിലവിലെ രീതിയിൽ മുന്നോട്ട് പോകുന്നത് പാർട്ടിക്കും തരൂരിനും വലിയ ബുദ്ധിമുട്ടുണ്ടാക്കും. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നുണ്ടെങ്കിൽ ശശി തരൂർ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെനും കെ. മുരളീധരൻ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുകയാണ് തരൂർ. മോദിയെയും പിണറായിയെയും സ്തുതിക്കുകയാണ്. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
തരൂരിന് മുന്നിൽ ഇനി രണ്ടു വഴികളാണ് ഉള്ളത്. ഒന്നുകിൽ പാർട്ടിക്ക് വിധേയനായി നിൽക്കണം. പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ തന്നെയായിരിക്കണം. എല്ലാ അഭിപ്രായങ്ങളും ആരും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാനും സാധ്യതയുണ്ടെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽവന്നാൽ തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നുവെന്ന് കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട ശശി തരൂരിനെതിരെ കഴിഞ്ഞ ദിവസവും മുരളീധരൻ രംഗത്തുവന്നിരുന്നു. ഭൂരിപക്ഷം കിട്ടിയാൽ യു.ഡി.എഫ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.
“ഭൂരിപക്ഷം കിട്ടിയാൽ യു.ഡി.എഫാണല്ലോ മുഖ്യമന്ത്രിയാകുക. സർവേയിൽ വേറെയാര് മുന്നിൽ വന്നാലും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അപ്പോഴല്ലേ മുഖ്യമന്ത്രിയെ തീരുമാനിക്കുക. തരൂർ ഏത് പാർട്ടിയിലാണെന്ന് ആദ്യം അദ്ദേഹം തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയാകുന്നത് അതിനുശേഷം തീരുമാനിക്കാം. ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യു.ഡി.എഫിൽ വിറകുവെട്ടുകളും വെള്ളംകോരികളുമായ ഒരുപാട് നേതാക്കളുണ്ട്. ജനപിന്തുണയിൽ മുൻതൂക്കമുള്ള എം.എൽ.എയെ മുഖ്യമന്ത്രിയാക്കും. പാർട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും.അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന അഭിപ്രായക്കാരാണ് ഞങ്ങൾ. അടിയന്തരാവസ്ഥ കേരളത്തെ ബാധിച്ചിട്ടില്ല. അന്ന് ഭംഗിയായി കാര്യങ്ങൾ നടത്തിയ സംസ്ഥാനത്തൊക്കെ കോൺഗ്രസ് ജയിച്ചിട്ടുണ്ട്. കോൺഗ്രസ് ഉൾപ്പെട്ട സഖ്യത്തിന് അത്തവണയാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ചത്. 140ൽ 111 നിയമസഭാ സീറ്റുകളും 20ൽ 20 ലോക്സഭാ സീറ്റുകളും കോൺഗ്രസ് നേടി. ആന്ധ്രയിലും കർണാടകയിലും കോൺഗ്രസ് വലിയ വിജയം നേടി. അടിയന്തരാവസ്ഥയുടെ സാഹചര്യം ഇന്ദിര ഗാന്ധി അന്നുതന്നെ വിശദീകരിച്ചിരുന്നു. ആ അധ്യായം അപ്പോഴേ അടച്ചതാണ്” -മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.