കെ റെയിലിനെതിരെ മഹാപ്രക്ഷോഭമെന്ന് കെ. സുധാകരൻ; ഇ. ശ്രീധരനെ പ​ങ്കെടുപ്പിച്ച് ബോധവത്കരണ​ സെമിനാര്‍ നടത്തും

തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരേ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരത്തിനു സമാനമായ രീതിയില്‍ കെ റെയില്‍ പദ്ധതിക്കെതിരേ കേരളത്തില്‍ കോണ്‍ഗ്രസ് മഹാപ്രക്ഷോഭം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മെട്രോ മാൻ ഇ. ശ്രീധരനെ പോലുള്ളവരെ പങ്കെടുപ്പിച്ച് ബോധവത്കരണ​ സെമിനാര്‍ നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ പദ്ധതി കേരളത്തിന് അങ്ങേയറ്റം ഹാനികരമായതിനാല്‍ എന്തുവില കൊടുത്തും എതിര്‍ത്ത് തോല്പിക്കേണ്ടതുണ്ട്. കെ റെയില്‍വേണ്ട കേരളം മതി എന്ന മുദ്രാവാക്യമാണ് ഇനി കേരളത്തില്‍ അലയടിക്കാന്‍ പോകുന്നത്. ഏറ്റവും വലിയ പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നത്. കെ റെയിലിനെ​തിരെ സമരരംഗത്തുള്ള ബി.ജെ.പിയെ വിശ്വാസത്തിലെടുക്കാനാകില്ല. കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് എഴുന്നേറ്റ് നിന്ന് പറയാന്‍ കെ. സുരേന്ദ്രനും കൂട്ടർക്കും ധൈര്യമുണ്ടോ എന്ന് താന്‍ വെല്ലുവിളിക്കുന്നു.

ഭൂമി നഷ്ടപ്പെടുന്നവരേക്കാള്‍ കെ റെയിലിന്റെ രണ്ട് വശത്തും താമസിക്കുന്നവര്‍ക്കാണ് വലിയ പ്രശ്‌നങ്ങള്‍ വരാന്‍ പോകുന്നത്. അതിന്റെ ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനകായി ആയിരം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. യോഗങ്ങളില്‍ പ്രസംഗിക്കാന്‍ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്‌സും പഠിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകളും സംഘടിപ്പിക്കും. പ്രശസ്തരായ പരിസ്ഥിതി പ്രവര്‍ത്തകരേയും സാമൂഹ്യ-സംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ചുള്ളതാകും സെമിനാര്‍. ആദ്യത്തെ ഒരു മാസം ഇത്തരത്തില്‍ ബോധവത്കരണമാകും നടത്തുക. മാർച്ച് ഏഴിന് വൻ ജനപങ്കാളിത്തത്തോടെ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചുകള്‍ നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി.ഡി സതീശനും താനും ചേർന്ന് എല്ലാ ജില്ലകളും സന്ദർശിച്ച് ഈ വിഷയത്തിൽ നേതൃ കൺവെൻഷൻ വിളിച്ചുചേർക്കും. നേതാക്കള്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ലഘുലേഖ വിതരണവും മറ്റു സമരപരിപാടികളും നടത്തും. കെ. റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യം ജനങ്ങളെ ​േബാധ്യപ്പെടുത്തും. സി.പി.എമ്മിനെ പോറ്റി വളർത്താൻ കേരളത്തെ പണയപ്പെടുത്തരുത്.

കെ റെയില്‍ പദ്ധതി സൃഷ്ടിക്കുന്ന പരിസ്ഥിതി ആഘാതം, സാമൂഹികാഘാതം, സാമ്പത്തികാഘാതം എന്നിവ കേരളംപോലൊരു പ്രദേശത്തിനു താങ്ങാനാവുന്നതല്ല. ഇക്കാര്യങ്ങള്‍ വിദഗ്ധരും ഇടതുപക്ഷ സഹയാത്രികരും പരിസ്ഥിതി സ്‌നേഹികളും ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് പദ്ധതി നടപ്പാക്കുമ്പോള്‍ പാര്‍ട്ടിക്ക് കിട്ടുന്ന വലിയ സാമ്പത്തിക പ്രയോജനം ലക്ഷ്യമിട്ടാണ്. സിപിഎമ്മിനെ പോറ്റിവളര്‍ത്താന്‍ കേരളത്തെ പണയപ്പെടുത്തുന്ന അതീവഗുരുതരമായ അവസ്ഥയാണ് കാണുന്നത്.

എന്നും സി.പി.എമ്മിന് കുഴലൂത്ത് നടത്തുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിനെയോ ഒപ്പം ഭരണം പങ്കിടുന്ന സി.പി.ഐയെയോ ശാസ്ത്രജ്ഞരെയോ കെ റെയിൽ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താൻ സർക്കാറിന് കഴിയുന്നില്ല. കെ റെയില്‍ സംബന്ധിച്ച് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് അഴകൊഴമ്പന്‍ നിലപാടുകളാണ് പുറത്തുവരുന്നത്. ഖണ്ഡിതമായ നിലപാടോ അഭിപ്രായമോ അവര്‍ക്കില്ല. സിപിഎം- ബിജെപി ബന്ധം സുദൃഢമായതിനാല്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടാനാണ് സാധ്യത. അതുകൊണ്ട് പദ്ധതിയെ എതിര്‍ത്തു തോല്‍പ്പിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം യുഡിഎഫിനും കോണ്‍ഗ്രസിനുമായിരിക്കും. പ്രക്ഷോഭരംഗത്തുള്ള സമാന മനസ്‌കരായ സംഘടനകള്‍, കൂട്ടായ്മകള്‍, വ്യക്തികള്‍ തുടങ്ങിയവരുമായി സഹകരിച്ചു സമരം പരമാവധി ജനകീയമാക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.

Tags:    
News Summary - Congress will block K-Rail says K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.