ഏശുമോ കനഗോലു തന്ത്രങ്ങൾ; ‘ലക്ഷ്യ’യിൽ കച്ചമുറുക്കി കോൺഗ്രസ്; തന്ത്രം മെനഞ്ഞ് വിജയ തന്ത്രജ്ഞൻ

കോഴിക്കോട്: വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്നും ലഭിച്ച പുത്തൻ ആത്മവിശ്വാസവുമായി കോൺഗ്രസ് ചുരമിറങ്ങുന്നത് തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്. രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന നേതൃക്യാമ്പ് ‘ലക്ഷ്യ’യിൽ തെരഞ്ഞെടുപ്പിനുള്ള കച്ച മുറുക്കിയാണ് സംസ്ഥാന നേതാക്കളും, മുഴുവൻ ജില്ലാ നേതാക്കളും സ്വന്തം തട്ടകങ്ങളിലേക്ക് തിരിക്കുന്നത്.

100 സീറ്റെന്ന ലക്ഷ്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രഖ്യാപിക്കുമ്പോൾ, തദ്ദേശ തെരഞ്ഞെടുപ്പിലെയും സമീപകാല രാഷ്ട്രീയ ഗതികളുടെയും കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ 90 സീറ്റുകളിൽ ജയം ഉറപ്പിക്കുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു. രണ്ടു ദിവസങ്ങളിലായി നടന്ന ‘ലക്ഷ്യ’ നേതൃ ക്യാമ്പിൽ ഏറ്റവും ശ്രദ്ധേയമായതും സുനിൽ കനഗോലുവിന്റെ സാന്നിധ്യം തന്നെ. ക്യാമ്പിന്റെ രണ്ടാം ദിനം നേതാക്കളെ സാക്ഷി നിർത്തി അദ്ദേഹം അവതരിപ്പിച്ച തെരഞ്ഞെടുപ്പ് റിപ്പോർട്ടിലാണ് വിവിധ സർവേകളും കണക്കുകൂട്ടലുകളും അടിസ്ഥാനമാക്കി 90 സീറ്റ് ഉറപ്പ് പറയുന്നത്.

തെലങ്കാനയിലും കർണാടകയിലുമെല്ലാം കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ പ്രധാനിയായിരുന്ന രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ റി​പ്പോർട്ടിനെ ഏറെ പ്രധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം വായിക്കുന്നതും.

കോൺഗ്രസിന്റെ സ്ഥാനാർഥികൾ ആരാവണം, എൽ.ഡി.എഫ് സിറ്റിങ് സീറ്റുകളിലെ വിജയ സാധ്യത എങ്ങനെ തുടങ്ങി വിശദമായ പഠന റിപ്പോർട്ടാണ് കനഗോലു അവതരിപ്പിച്ചത്.

140 മണ്ഡലങ്ങളിലും നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. നൂറ് സീറ്റുകളിലെ വിജയം ലക്ഷ്യം വെക്കാനാണ് കനഗോലു നേതാക്കൾക്ക് നൽകുന്ന നിർദേശം. ഇതിൽ 85-90 സീറ്റുകളിൽ വിജയം ഉറപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. സർവകാലാശാല വിദ്യാർഥികളെ അടക്കം ഉപയോഗപ്പെടുത്തിയായിരുന്നു പുറത്തു നിന്നുള്ള ഏജൻസിയുടെ നേതൃത്വത്തിൽ രഹസ്യ സർവേ പൂർത്തിയാക്കിയത്. ഓരോ മത്സരങ്ങളിലെയും വോട്ടർമാരുടെ പ്രായം, ലിംഗഭേദം, അവരുടെ പ്രശ്നങ്ങൾ തുടങ്ങിയവ വിശകലനം ചെയ്തും മനസ്സറിഞ്ഞു. മണ്ഡലങ്ങളിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥികളുടെ പേരുകൾ, സ്വാധീന ശക്തികൾ, എതിരാളികളിൽ താൽപര്യമുള്ള വ്യക്തികൾ എന്നിവയും സർവേകൾ വഴി മനസ്സിലാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് യുവ വോട്ടർമാരെ സ്വാധീനിക്കുക, തൊഴിലില്ലായ്മ, ഉന്നത വിദ്യഭ്യാസം ഉൾപ്പെടെ അവരുടെ ​ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രചാരണം ശക്തിപ്പെടുത്തുക എന്നിവയും നിർദേശിച്ചു.

തിരുവനന്തപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ വാർ റൂം സ്ഥാപിച്ചായിരിക്കും വരാനിരിക്കുന്ന നാലു മാസങ്ങളിൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രചാരണ തന്ത്രം നീങ്ങുന്നത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ മിന്നും വിജയത്തിൽ ഭരണവിരുദ്ധ വികാരം ഘടകമായിട്ടില്ലെന്ന ക​നഗോലുവിന്റെ വിലയിരുത്തൽ മുതിർന്ന നേതാക്കൾ തിരുത്തിയതായും വാർത്തയുണ്ട്. യു.ഡി.എഫിന് അനുകൂലമായി ക്രൈസ്തവ വോട്ടുകളുടെ ഏകോപനം നടന്നിട്ടില്ലെന്നും, ഭരണ വിരുദ്ധ വികാരം വേണ്ടത്ര പ്രതിഫലിച്ചില്ലെന്നുമായിരുന്നു കനഗോലുവി​ന്റെ വിലയിരുത്തൽ.

85 മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് മേഖല തിരിച്ചുള്ള അവലോകനത്തിൽ വിലയിരുത്തുന്നു. അഞ്ച് ജില്ലകളിൽ നിന്നും മാത്രമായി 40ൽ അധികം സീറ്റുകളിൽ യു.ഡി.എഫ് വിജയിക്കും. പാലക്കാട്, മലപ്പുറം, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ വലിയ മുന്നേറ്റത്തിന് സാധിക്കും.

ഏപ്രിൽ രണ്ടാം വാരത്തിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സൂചന.

‘കടക്കു പുറത്ത്’ ടാഗ് ലൈൻ ആവും

തെരഞ്ഞെടുപ്പിന് കച്ചമുറക്കുന്ന കോൺഗ്രസ് കേരളത്തിലുടനീളം പ്രചരണ വാക്കായി ഉപയോഗിക്കാൻ ഒരുങ്ങുന്നത് മുഖ്യമന്ത്രിയുടെ ശകാര വാക്കു തന്നെ. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് നടത്തിയ ആജ്ഞാപന വാക്കിനെ ​യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ടാഗ് ലൈൻ ആക്കി മാറ്റാനാണ് ലക്ഷ്യ ക്യമ്പിൽ നിന്നുവന്ന നിർദേശം. പത്തുവർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാറിനോടുള്ള ആജ്ഞയായി മുഖ്യമന്ത്രിയുടെ തന്നെ വാക്കിനെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങുന്ന മാർച്ച് വരെയുള്ള പ്രത്യേക ആക്ഷൻ പ്ലാനിനും ‘ലക്ഷ്യ’ രൂപം നൽകി. ഫെബ്രുവരി ആറിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥക്ക് തുടക്കം കുറിക്കും. യാത്രയിൽ വിവിധ മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികളെയും വേദികളിൽ അവതരിപ്പിക്കും. 

Tags:    
News Summary - Congress' election preparations based on Kanagolu strategy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.