ഷിബു ബേബി ജോൺ, ജോൺ ബ്രിട്ടാസ്, നജ്മ തബ്ഷീറ

സിനിമയിലെ ‘മുന്ന’യൊക്കെ എന്ത്, ഇതല്ലേ യഥാർഥ മുന്നയെന്ന് ഷിബു ബേബി ജോൺ, പണ്ട്‌ ഇന്റർവ്യൂ ചെയ്യുന്ന കാലം മുതലേ ബൈപോളറിസം പ്രകടമായിരുന്നുവെന്ന് നജ്മ തബ്ഷീറ; ബ്രിട്ടാസിന് നേർക്ക് 'മുന്ന' വിളികളുമായി യു.ഡി.എഫ്

കോഴിക്കോട്: പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ ഇടനിലക്കാരനായി നിന്നത് ജോൺ ബ്രിട്ടാസ് എം.പിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലിന് പിന്നാലെ ബ്രിട്ടാസിന് നേർക്ക് 'മുന്ന' വിളികളുമായി യു.ഡി.എഫ് നേതാക്കൾ.

എമ്പുരാൻ സിനിമയിലെ 'മുന്ന' എന്ന കഥാപാത്രത്തോടാണ് എം.പിയെ ഉപമിക്കുന്നത്. മുന്നമാരെ, എല്ലാ കാലവും ആർക്കും ആരുടെ കീഴിലും ഒളിച്ചിരിക്കാനാവില്ലെന്നാണ് മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറ ഫേസ്ബുക്കിൽ കുറിച്ചത്.

ഈ ബൈപോളറിസം ഇദ്ദേഹത്തിന്റെ മാത്രം സവിശേഷതയല്ല, നവ ലിബറൽ കാലത്തെ ഇടതുപക്ഷമിങ്ങനെയാണ്. അവർ തൊഴിലാളി വർഗത്തിനു വേണ്ടി മുദ്രാവാക്യം വിളിക്കുകയും ബൂർഷ്വാസിയായി ജീവിക്കുകയും ചെയ്യും. ഹിന്ദുത്വക്കു വേണ്ടി പണിയെടുക്കുകയും, മതേതരത്വത്തിനായി മൈതാനപ്രസംഗങ്ങൾ നടത്തുകയും ചെയ്യുമെന്ന് നജ്മ കുറ്റപ്പെടുത്തി.

" ഒരു പുതിയകാല ഇടതുപക്ഷത്തിന്റെ പ്രോട്ടോ ടൈപ്പാണ് ഇദ്ദേഹമെന്നു മുമ്പേ തോന്നിയിട്ടുണ്ട്. പണ്ട്‌ ഇന്റർവ്യൂ ചെയ്യുന്ന കാലം മുതലേ കാണിച്ചിരുന്ന ഒരു ബൈപോളറിസം ( ഒരേ സമയം ഇരുസ്വഭാവങ്ങളിലേക്ക് മാറുന്ന സ്വഭാവം). അതുകൊണ്ടാണ് അടിയിലൂടെ ആർ.എസ്‌.എസ്സുമായി കരാറുറപ്പിക്കുകയും, പി.എം ശ്രീ കരാർ ഒപ്പിടുന്നതിനു കാര്യക്കാരനാവുകയും ചെയ്യുന്ന അതേ സമയം ആർ.എസ്‌.എസിനെതിരെ വാചകമടിച്ച്‌ മലയാളിയുടെ മാത്രം കയ്യടി വാങ്ങി അതിലഭിരമിക്കാനും സാധ്യമാവുന്നത്.

ആർ.എസ്.എസിനെതിരെ സംസാരിച്ച എന്നോട് "ബ്രിട്ടാസ് ഇത്ര രൂക്ഷമായി അവർക്കെതിരെ സംസാരിക്കരുത്, അവർ അപായപ്പെടുത്തിക്കളയും" എന്ന് കോൺഗ്രസിൻ്റെ ഒരു എംപി എന്നെ ഗുണദോഷിച്ചു എന്ന് ഒരോളത്തിൽ വായ്ത്താളം നടത്തിയതിന് അതെ വേദിയിൽ തന്നെ വെച്ച് കോൺഗ്രസ് നേതാവ് കെപി നൗഷാദലി മറുമരുന്ന് നൽകി ഇദ്ദേഹത്തെ രാഷ്ട്രീയമായി വധിക്കുകയുണ്ടായി.

കേരളത്തിൽ ആർഎസ്എസിനെയും ബിജെപിയെയും വളർത്താൻ ജീവിതം ഉഴിഞ്ഞുവെച്ച കെജിമാരാരെക്കുറിച്ചുള്ള പുസ്തക പ്രകാശന വേദിയിലേക്ക് കടന്നുചെന്ന്, ജയിലിൽ വെച്ച് മാരാർ മുസ്ലിംകളോട് കാണിച്ച സഹിഷ്ണുതയെ കുറിച്ച് പ്രസംഗിച്ച ഇതേ ബ്രിട്ടാസ് മുജാഹിദ് വേദിയിലെത്തിയപ്പോൾ അതിന്റെ നേതാക്കളോട് വേദിയിൽവെച്ച് പ്രസംഗമധ്യേ ചോദിച്ചത്, സംഘ് പരിവാർ നേതാക്കൾക്ക് സ്റ്റേജ് നൽകിയാൽ അവരുടെ സംസ്കാരം മാറുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടോ? എന്നാണ്.

ഈ ബൈപോളറിസം ഇദ്ദേഹത്തിന്റെ മാത്രം സവിശേഷതയല്ല, നവ ലിബറൽ കാലത്തെ ഇടതുപക്ഷമിങ്ങനെയാണ്. അവർ തൊഴിലാളി വർഗത്തിനു വേണ്ടി മുദ്രാവാക്യം വിളിക്കുകയും ബൂർഷ്വാസിയായി ജീവിക്കുകയും ചെയ്യും. ഹിന്ദുത്വക്കു വേണ്ടി പണിയെടുക്കുകയും, മതേതരത്വത്തിനായി മൈതാനപ്രസംഗങ്ങൾ നടത്തുകയും ചെയ്യും. മുന്നമാരെ, എല്ലാ കാലവും ആർക്കും ആരുടെ കീഴിലും ഒളിച്ചിരിക്കാനാവില്ല!"- നജ്മ ഫേസ്ബുക്കിൽ കുറിച്ചു.

'സിനിമയിലെ ‘മുന്ന’യൊക്കെ എന്ത്, ഇതല്ലേ യഥാർത്ഥ മുന്ന' എന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബി ജോൺ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മുന്നയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും ഫോട്ടോ പങ്കുവെച്ചായിരുന്നു വിമർശനം. "എന്തൊക്കെയായിരുന്നു ?! പി.എം ശ്രീ വേണ്ട... പിണറായിയുടെ ഉറപ്പ്... മന്ത്രിസഭാ ഉപസമിതി... അല്ല, നമ്മുടെ ബിനോയ് വിശ്വം നാട്ടിലുണ്ടോ ആവോ???, അതോ, ജോൺ ബ്രിട്ടാസിൻ്റെ കൂടെ ഡൽഹിയിലേക്ക് വണ്ടി കയറിയോ!, സിനിമയിലെ ‘മുന്ന’യൊക്കെ എന്ത് ? , ഇതല്ലേ യഥാർത്ഥ മുന്ന"- ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

'മതേതര കേരളത്തെ ഒറ്റിയ മുന്ന, ഓര്‍ത്തുവെക്കപ്പെടും'-എന്നാണ് മുസ്ലിം ലീഗ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്. 'മിസ്റ്റർ ബ്രിട്ടാസ്, താങ്കൾ തന്നെയാണ് കേരളത്തിന്റെ മുന്ന' എന്നാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

"മിസ്റ്റർ ബ്രിട്ടാസ്, താങ്കൾ തന്നെയാണ് കേരളത്തിന്റെ മുന്ന.  പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ ഇന്ന് രാജ്യസഭയിൽ വന്നു. എന്നാൽ ബ്രിട്ടാസിനെ ഈ പണി ആരാണ് ഏൽപ്പിച്ചത്.!

മലയാള നാടിന് വേണ്ടി ആർ.എസ്.എസിൻ്റെ ധാരണാ പത്രങ്ങൾ ഒപ്പിടുന്ന ബ്രിട്ടാസിൻ്റെ പണി അവസാനിപ്പിക്കണം. ആർ. എസ്. എസ് എഴുതിക്കൊടുക്കുന്ന അക്ഷരമാലകൾ മാരാർജി ഭവനുകളിൽ നിന്ന് കേരളത്തിലെ കലാലയങ്ങളിലേക്ക് ഇറക്കാൻ ബ്രിട്ടാസിനെ ആരാണ് ഏൽപ്പിച്ചത്.!

ആർ.എസ്.എസിനെതിരെ കവലകളിൽ ചീറിപ്പായുന്ന എസ്.എഫ്.ഐ പോലും ബ്രിട്ടാസിൻ്റെ ഡൽഹിയിലെ ഈ മധ്യസ്ഥവാസം അറിയുന്നില്ല. പാർട്ടി ബ്രിട്ടാസിനെ ഏൽപ്പിച്ച പണിയാണ് ദീൻ ദയാൽ ഉപാധ്യായ വഴിയിൽ പോയി ഇരന്ന് വാങ്ങുന്നത്.

ആർ.എസ്.എസ് ഇടുന്ന വിഷ വിത്തുകളെ കേരളത്തിൻ്റെ മണ്ണിൽ മുളപ്പിച്ചെടുക്കാൻ പണിയെടുക്കുന്ന ബ്രിട്ടാസിൻ്റെ നെറികേടിൻ്റെ രാഷ്ട്രീയത്തെ മലയാളി തിരിച്ചറിയണം.

ബ്രിട്ടാസ് എത്ര പാലങ്ങൾ ഇങ്ങനെ നിർമിച്ചു എന്നത് മലയാളി ചർച്ച ചെയ്യണം. ആ പാലം ചിലപ്പോൾ പാലത്താഴി കേസിലേക്കും നീളും."- എന്നായിരുന്നു പി.കെ.നവാസ് ഫേസ്ബുക്കിൽ കുറിച്ചത്.


Full View


Full View



Tags:    
News Summary - Congress and League leaders against John Brittas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.