തിരുവനന്തപുരം: പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എൽ.ഒ) അനീഷ് ജോര്‍ജിന്‍റെ ആത്മഹത്യക്ക് കാരണം സി.പി.എം ഭീഷണിയാണെന്ന കോൺഗ്രസ് ആരോപണം അസംബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാര്യങ്ങൾ അനീഷിന്‍റെ പിതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിക്ക് സഹായകരമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. കള്ളത്തരം പ്രചരിപ്പിച്ചാലാണ് ചിലയാളുകൾക്ക് സമാധാനം ഉണ്ടാവുക. സി.പി.എം ഒരു കാരണവശാലും പാവപ്പെട്ട ബി.എൽ.ഒമാരുടെ മേൽ സമ്മർദം ചെലുത്തില്ല. അതിന്‍റെ ഒരാവശ്യവുമില്ല. തെരഞ്ഞെടുപ്പ് കമീഷന്‍റെ മേലെയാണ് സി.പി.എം സമ്മർദ്ദം ചെലുത്തുന്നത്. സുപ്രീംകോടതി വരെ പോകുന്നതും സമ്മർദ്ദത്തിന്റെ ഭാഗമാണെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.എൽ.ഒക്ക് മേൽ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദം ഉണ്ടായി എന്ന് കണ്ണൂർ കലക്ടർ സ്ഥിരീകരിച്ചല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കലക്ടർ സ്ഥിരീകരിച്ചെങ്കിൽ അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു ഗോവിന്ദന്‍റെ മറുപടി. രാഷ്ട്രീയ പാർട്ടികൾ ബി.എൽ.ഒയോട് അഭിപ്രായം പറയില്ലേയെന്നും അത് സ്വഭാവികമാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ബി.എൽ.ഒ അനീഷ് ജോര്‍ജിന്‍റെ ആത്മഹത്യക്കു പിന്നിൽ സി.പി.എമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ബി.എല്‍.എയെ ബി.എല്‍.ഒ കൊണ്ടു പോയതിന് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജോലിയുടെ സമ്മര്‍ദവും. ഇതെല്ലാമാണ് ബി.എല്‍.ഒയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇതേക്കുറിച്ച് ഗൗരവതരവും എല്ലാവരെയും ബോധ്യപ്പെടുത്തുന്നതുമായ അന്വേഷണം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമീഷന്‍ കുറേക്കൂടി ഗൗവരവത്തില്‍ ഈ വിഷയം പഠിക്കണം. അമിതമായ ജോലി ഭാരമുണ്ടെന്ന് സംസ്ഥാനത്ത് ഉടനീളം ബി.എല്‍.ഒമാര്‍ പരാതിപ്പെടുന്നുണ്ട്. ബി.എല്‍.ഒമാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്ക് ജോലി ചെയ്ത് തീര്‍ക്കാനാകുന്നില്ല. മൂന്നു തവണ ഒരു വീട്ടില്‍ പോകണമെന്നാണ് നിര്‍ദേശം. 700 മുതല്‍ 1500 വോട്ടുകള്‍ വരെ ഓരോ ബൂത്തുകളിലുമുണ്ട്. ബി.ജെ.പിയും സി.പി.എമ്മും എസ്.ഐ.ആര്‍ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യു.ഡി.എഫ് അനുകൂല വോട്ടുകള്‍ ചേര്‍ക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ദുരുദ്ദേശ്യത്തോടെ ബി.ജെ.പി എസ്.ഐ.ആര്‍ നടപ്പാക്കുമ്പോള്‍ ആ ദുരുദ്ദേശ്യം സി.പി.എം മറ്റൊരു തരത്തില്‍ കേരളത്തില്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.