തലക്കുളത്തൂർ: വിട പറഞ്ഞ കാനത്തിൽ ജമീല എം.എൽ.എ തുടങ്ങിയത് സാക്ഷരത പ്രവർത്തനങ്ങളിലൂടെ. തലക്കുളത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ സാക്ഷരത പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തതോടെയാണ് കാനത്തിൽ ജമീലയുടെ നേതൃപാടവും സി.പി.എം തിരിച്ചറിയുന്നത്. ഇതോടെ 1995ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് മത്സരിക്കാൻ സി.പി.എം നേതാക്കളായ കോയാമുവും വേണുവും സമീപിക്കുകയായിരുന്നു.
കാനത്തിൽ ജമീല എം.എൽ.എയുടെ നിര്യാണ വിവരമറിഞ്ഞ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയ എ. പ്രദീപ്കുമാർ, എം.കെ. രാഘവൻ എം.പി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ
നിർബന്ധത്തിനു വഴങ്ങി മത്സരിച്ച കാനത്തിൽ ജമീല വിജയിക്കുകയും വനിത സംവരണ പഞ്ചായത്തായതിനാൽ കന്നി വിജയത്തിൽ 29ാം വയസ്സിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു. ജനകീയാസൂത്ര പദ്ധതികൾ ഗ്രാമപഞ്ചായത്തിൽ വൻ വിജയമാക്കി മാറ്റുന്നതിൽ കാനത്തിൽ ജമീലക്ക് വൻ സ്വീകാര്യത ലഭിക്കുകയും വനിത നേതാവിന്റെ തലത്തിലേക്ക് ഉയർത്തുകയും ചെയ്തു.
2000ത്തിൽ തലക്കുളത്തൂർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാവുകയും ചെയ്തു. 2005ൽ അന്നശ്ശേരി ഡിവിഷനിൽനിന്ന് വലിയ ഭൂരിപക്ഷത്തിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വനിത സംവരണമായതിനാൽ ചേളന്നൂർ ബ്ലോക്ക് പ്രസിഡന്റുമായി. 2015-20 കാലഘട്ടത്തിൽ ജനപ്രതിനിധിയല്ലാതായ വേളയിലും മുഴുസമയ പ്രവർത്തകയായും ഗ്രാമപഞ്ചായത്തിൽ നിറഞ്ഞുനിന്നു.
കോഴിക്കോട്: കാനത്തിൽ ജമീലയുടെ വിയോഗത്തിലൂടെ പാർട്ടിക്ക് നഷ്ടമായത് പ്രധാന നേതാവിനെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിയമസഭയിലും പുറത്തും കൃത്യമായ നിലപാടുകൾ അവതരിപ്പിച്ച നേതാവായിരുന്നു ജമീല. സങ്കീർണമായ പ്രശ്നങ്ങളെ അവർ ദിശാബോധത്തോടെ കൈകാര്യം ചെയ്തതായും എം.വി. ഗോവിന്ദൻ പറഞ്ഞു. ഗോവിന്ദൻ മാസ്റ്റർ, മൃതദേഹം സൂക്ഷിച്ച സ്വകാര്യ ആശുപത്രിയിൽ എത്തി.
കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. നാടിന്റെ വികസനത്തിന് ശക്തമായ ഇടപെടൽ നടത്തിയ, സൗമ്യമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ വനിത നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി അനുസ്മരിച്ചു. സഹോദരീതുല്യമായ ബന്ധം കാത്തുസൂക്ഷിച്ച കാനത്തിൽ ജമീലയുടെ വിയോഗം വ്യക്തിപരമായും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട്: രോഗം പ്രയാസപ്പെടുത്തിയപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാനാവുമെന്ന് ആത്മവിശ്വാസം കാനത്തിൽ ജമീലക്കുണ്ടായിരുന്നതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുസ്മരിച്ചു. അസുഖത്തെ മറികടക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ഇത്ര പെട്ടെന്ന് വിടപറയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും റിയാസ് പ്രതികരിച്ചു.
കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു.മികച്ച ജനനേതാവും നിയമസഭ സാമാജികയുമായിരുന്നു. കാനത്തിൽ ജമീലയുടെ നിര്യാണം കേരള രാഷ്ട്രീയത്തിനുതന്നെ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.