വീരേന്ദ്രകുമാറിന്‍റെ വേർപാടിൽ അനുശോചന പ്രവാഹം 

കോഴിക്കോട്: എം.പി. വീരേന്ദ്രകുമാറിന്‍റെ വേർപാടിൽ അനുശോചന പ്രവാഹം. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 

വീരേന്ദ്രകുമാറിന്‍റെ വിയോഗം അവിശ്വസനീയമായ വാര്‍ത്തയായി തോന്നുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രണ്ട് ദിവസം മുന്‍പുള്ള എം.പിമാരുടെ കൂടിക്കാഴ്ചയില്‍ പോലും അദ്ദേഹം വളരെ സജീവമായി ഇടപെട്ട് സംസാരിച്ചിരുന്നു. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. കേരളത്തിന് വലിയ നഷ്ടമാണ് ഈ വിയോഗം. ഗുരുതുല്യനായ നേതാവായിരുന്നു അദ്ദേഹം തനിക്ക്. സ്‌നേഹത്തിന്‍റെ തണല്‍ നഷ്ടപ്പെട്ട തോന്നലാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. 

വീരേന്ദ്രകുമാറിന്‍റെ വേര്‍പാട് രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ വലിയ നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിത്വം പതിപ്പിച്ച് വിജയം കൊയ്ത നേതാവാണ്. ഏറെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. 

പൗരാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും മനുഷ്യന്മയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. സോഷ്യലിസ്റ്റ് പാരമ്പര്യം പ്രവൃത്തിയിലൂടെ ഉയര്‍ത്തിപ്പിടിച്ച നേതാവിന്‍റെ വിയോഗത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. 

രാഷ്ട്രീയരംഗത്തേയും സാമൂഹിക സാംസ്‌കാരിക രംഗത്തേയും വേറിട്ട വ്യക്തിത്വമായിരുന്നു എം.പി വീരേന്ദ്രകുമാറിന്‍റേതെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. രണ്ട് ദിവസം മുന്‍പ് വരെ അദ്ദേഹവുമായി സംസാരിച്ചു. സാംസ്‌കാരിക രംഗത്തും സാഹിത്യ രംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു അദ്ദേഹം. എംപി വീരേന്ദ്രകുമാറിന്‍റെ സംഭാവനകള്‍ അമൂല്യമാണെന്നും എൻ.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. 

എം.പി വീരേന്ദ്രകുമാറിന്‍റെ വേർപാട് നികത്താനാകാത്ത വിടവാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വീരേന്ദ്രകുമാറിന്‍റെ വേർപാട് ഞെട്ടലുണ്ടാക്കി. രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും പുസ്തകപ്രസാധന മേഖലയിലുമെല്ലാം അതികായനായിരുന്നു വീരേന്ദ്രകുമാറെന്ന് തരൂർ അനുസ്മരിച്ചു. 

Tags:    
News Summary - condolence to mp veerendrakumar mp -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.