ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച പരാതി: നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയും പിൻവലിച്ചും റവന്യൂ ഉദ്യോഗസ്ഥർ

കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം സംബന്ധിച്ച പരാതിയിൽ ഭൂമിയിൽ നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയും പിൻവലിച്ചും റവന്യൂ ഉദ്യോഗസ്ഥർ. അട്ടപ്പാടി വരഗംപാടി ആദിവാസി ഊരിന് സമീപം ഭൂമി കൈയേറി നിർമാണ പ്രവർത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫിസർക്ക് 2022 ജനുവരി 17നാണ് വരഗംപാടി ഊരിലെ ശിവ പരാതി നൽകിയത്. റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ അട്ടപ്പാടി ആക്ഷൻ കൗൺസിലും പിന്നീട് പരാതി നൽകി.

അട്ടപ്പാടി ട്രൈബൽ തഹസിൽദാരുടെ നിർദേശപ്രകാരം ഷോളയൂർ വില്ലേജ് ഓഫിസർ സ്ഥലപരിശോധ നടത്തി. അനധികൃതമായി നിർമാണപ്രവർത്തനങ്ങൾ ചെയ്യുന്നതായി കണ്ടെത്തിയെന്നാണ് സ്റ്റോപ്പ് മെമ്മോയിൽ വ്യക്തമാക്കിയത്. അതിനാൽ വില്ലേജ് ഓഫീസിൽ നിന്നും ഇനി ഉത്തരവ് ഉണ്ടക്കുന്നതുവരെ നിർമാണ പ്രവർത്തികൾ നിർത്തിവെക്കണമെന്ന് ജൂൺ 23ന് നിലവിലെ ഭൂ വുടമയായ സംഗീത ഹരി ആറുമുഖനെ അറിയിച്ചു. തിരുപ്പൂർ കൊങ്കുനഗർ ഫസ്റ്റ് ട്രീസ്റ്റ് എം.പി നഗർ സ്വദേശിയാണ് ഇവർ.

എന്നാൽ, ഈ മാസം 11ന് അട്ടപ്പാടി താലൂക്ക് തഹസിൽദാർ മറ്റൊരു കത്ത് വില്ലേജ് ഓഫിസർക്ക് നൽകി. ഈ കത്തിൽ സ്റ്റോപ്പ് മെമ്മോ പിൻവലിക്കണമെന്ന് നിർദേശം നൽകിയെന്ന് ഷോളയൂർ വില്ലേജ് ഓഫിസർ മാധ്യമം ഓൺലൈനോട് പറഞ്ഞു. മറ്റൊന്നും വില്ലേജ് ഓഫിസർക്ക് അറിയില്ല. അഞ്ചേക്കർ ഭൂമി 1405 സർവേ നമ്പരിൽ ഉണ്ടെന്നാണ് നിലവിലെ ഭൂവുടമ രേഖകൾ ഹാജരാക്കിയെന്നും വില്ലേജ് ഓഫിസർ പറഞ്ഞു.



അതേസമയം ആദിവാസികൾ നൽകിയ പരാതി പ്രകാരം ഷോളയൂർ വില്ലേജിൽപ്പെട്ട സർവേ 1403, 1404, 1405, 1407 നമ്പറുകളിൽപ്പെട്ട സ്ഥലങ്ങളിൽ ഭൂമി കൈയേറ്റം നടന്നുവെന്നാണ്. അട്ടപ്പാടിയിൽ താമസക്കാരല്ലാത്ത തമിഴ്നാട്ടുകാരായ കുറെയാളുകൾ വന്ന് ഭൂമിയിൽ കമ്പിവേലി വെക്കുന്നവെക്കുമ്പോഴാണ് പരാതി നൽകിയത്. നിർമാണ പ്രവർത്തനങ്ങൾ തടയണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

വരംഗംപാടി ഊരിൽ ടി.എൽ.എ കേസിലുള്ള ആദിവാസി ഭൂമി കൈയടക്കിയവർ കൃഷിക്കല്ല ഭൂമി ഉപയോഗിച്ചത്. ആദിവാസികളുടെ ഊരുഭൂമിയിൽ അവർ റിസോർട്ടാണ് നിർമിച്ചത്. ഇതേ റിസോർട്ട് നിർമാണ സംഘമാണ് പുതിയ കൈയേറ്റം നടത്തുന്നത്. വില്ലേജ് രേഖകളിൽ കാളിമുത്തു ചെട്ടിയാർ, പഴനിസ്വാമി ചെട്ടിയർ തുടങ്ങിയവരുടെ പേരിൽ ടി.എൽ.എ കേസിലെ ഭൂമിയുണ്ട്. ഇവരൊക്കെ ആദിവാസികളിൽനിന്ന് കൃഷിക്ക് പാട്ടത്തിനെടുത്ത ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവരാണ്. ഇക്കാര്യത്തിൽ ആർ.ഡി.ഒ ഭൂരേഖകൾ പരിശോധിക്കണമെന്നാണ് ആദിവാസികൾ ആവശ്യപ്പെട്ടത്.

ഭൂമി കൈയേറ്റക്കാർ പലരും ഹിയറിങിൽ കള്ളപ്പട്ടയമാണ് ഹാജരാക്കുന്നതെന്നും ആദിവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ പി.വി സുരേഷ് മാധ്യമം ഓൺലൈനോട് പറഞ്ഞു. ആദിവാസികൾ നൽകുന്ന പരാതിയിൽ അന്വേഷണം നടത്താൻ റവന്യൂ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. കൈയേറ്റക്കാർക്ക് അനുകൂലമായി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ അട്ടപ്പാടി തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ മൽസരിക്കുകയാണെന്നും സുരേഷ് പറഞ്ഞു.  

Tags:    
News Summary - Complaint about tribal land encroachment: Revenue officials issuing and withdrawing stop memos on construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.