വി.എസ് അച്യൂതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

വിപ്ലവകാലഘട്ടത്തിന്‍റെ തി​രോധാനം

ഇന്ത്യയിലെ തൊഴിലാളിവർഗ വിപ്ലവ പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ പര്യവസാനമാണ് സഖാവ് വി.എസിന്റെ വേർപാടിലൂടെ രേഖപ്പെടുത്തുന്നത്. 1970കളുടെ തുടക്കത്തിൽ കൊല്ലത്ത് വിദ്യാർത്ഥി സംഘടന പ്രവർത്തനം നടത്തുമ്പോഴാണ് വി.എസിനെ ആദ്യമായി ഞാൻ കാണുന്നത്​. അന്ന്​ കൊല്ലത്തെ പാർട്ടി സമ്മേളനങ്ങളിൽ വി.എസ്​ ​പ്രസംഗിക്കാൻ വരും. ആ പ്രസംഗങ്ങളെല്ലാം ആവേശത്തോടെ കേട്ടിരുന്ന​ ഓർമ്മ ഇ​പ്പോഴും മനസ്സിലുണ്ട്​. പിന്നീട് ഞാൻ പാർട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായപ്പോൾ, സംസ്ഥാന നേതാവ് എന്ന നിലയിൽ കമ്മിറ്റികളിൽ പങ്കെടുക്കാൻ എത്തുന്ന വി.എസിനെ കൂടുതൽ അടുത്ത പരിചയപ്പെടാൻ ഇടയായി. കമ്മിറ്റിയിൽ ശ്രദ്ധാപൂർവ്വം ഇരിക്കുന്നതും ചിട്ടയും ക്രമവും ഒപ്പം ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളും വിമർശനങ്ങളും കൃത്യമായി കുറിച്ചെടുത്ത് മറുപടി നൽകുന്നതുമെല്ലാം അ​ദ്ദേഹത്തിന്‍റെ സംഘടനാപരമായ ചാതുര്യത്തിന്‍റെ തെളിവുകളായി അന്നേ മനസിൽ പതിഞ്ഞിരുന്നു.

കർഷക തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ആദ്യഘട്ടത്തിലെ ഏറ്റവും സമുന്ന നേതാവായി പ്രവർത്തനം ആരംഭിച്ച അദ്ദേഹം, തൊഴിലാളി പ്രസ്ഥാനത്തിന്റെയും അതിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള നേതാവായി മാറി. അറുപതുകളുടെ മധ്യത്തിൽ, യഥാർത്ഥ കമ്മ്യൂണിസ്റ്റ് വിപ്ലവ പരിപാടിയുടെ അടിസ്ഥാനത്തിൽ സി.പി.എം എന്ന വിപ്ലവ പ്രസ്ഥാനത്തിന് രൂപം കൊടുക്കാൻ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങി വന്ന 32 പേരിൽ ഒരാളായിരുന്നു വി.എസ്​. ബാക്കി 31 പേരും നേരത്തെ മരണപ്പെട്ടു. ഇക്കൂട്ടത്തിൽ വി.എസിനെപ്പോലെ 100 വയസ്സോളം ജീവിച്ച മറ്റൊരാൾ തമിഴ്നാട്ടിലെ എൻ.ശങ്കരയ്യയായിരുന്നു.

ജനങ്ങൾക്കൊപ്പവും അതിജീവന സമരങ്ങൾക്കൊപ്പവും വി.എസ് എപ്പോഴും നിലകൊണ്ടു.പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറ്റെടുത്ത്​ പോരാട്ടം നടത്തിയ ഏറ്റവും പ്രമുഖനായ കമ്മ്യൂണിസ്റ്റാണ് എന്ന സവിശേഷത കൂടി വി.എസിനുണ്ട്. അടിച്ചമർത്തപ്പെട്ടത്​ ഏത്​ വിഭാഗമാണെങ്കിലും അവർക്കുവേണ്ടി ശബ്ദമുയർത്താൻ, അവർ ഏത് മലമുകളിൽ താമസിക്കുന്നവരാണെങ്കിലും അവിടെയെത്തി എ.കെ.ജിയെ പോലെ അവർക്ക്​ വേണ്ടി പോരാടാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിയമലംഘനം എവിടെ നടന്നു എന്നറിഞ്ഞാലും അവിടെ ഓടിയെത്തും. വസ്തുതകൾ നേരിട്ട് മനസ്സിലാക്കി നിയമലംഘനത്തിനെതിരെ നിലകൊള്ളുമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവ് മാത്രമായിരുന്നപ്പോഴും അത്തരം ചുമതലകൾ ഏറ്റെടുക്കാൻ വി.എസിന് കഴിഞ്ഞിരുന്നു.

ഭരണാധികാരിയായി മാറുമ്പോൾ ഈ ചുമതലകൾ എങ്ങനെ വി.എസിന്​ നിറവേറ്റാൻ കഴിയുമെന്നതിൽ പലരിലും കൗതുകം ഉണ്ടായിരുന്നു. വി.എസ് ഒരു മുഖ്യമന്ത്രി എന്ന നിലയിൽ പ്രവർത്തിക്കുന്നത് മന്ത്രിസഭയിലെ സഹപ്രവർത്തകൻ എന്ന നിലയിൽ നേരിട്ട് മനസ്സിലാക്കാൻ എനിക്ക് അവസരമുണ്ടായി. കോളേജ് വിദ്യാഭ്യാസമൊന്നുമില്ലാതിരുന്ന അദ്ദേഹം, ഐ.എ.എസുകാരെയും ഐ.പി.എസുകാരെയും വേണ്ട സമയത്ത് വരച്ച വരയിൽ നിർത്തി സർക്കാരിന്‍റെ ജനപക്ഷ നിലപാടുകൾ നടപ്പിലാക്കുന്നതിൽ തന്‍റെ മികവും കഴിവും വെളിപ്പെടുത്തി. ഞാൻ മന്ത്രിയായിരുന്ന ഘട്ടത്തിൽ സ്വാശ്രയ മാനേജ്മെന്റുകളുടെ വിദ്യാഭ്യാസ വിരുദ്ധവും വിദ്യാർത്ഥി വിരുദ്ധവുമായ സമീപനങ്ങൾക്കെതിരായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് മുന്നോട്ട് പോകാൻ വി.എസിന്റെ നിരന്തരമായ പിന്തുണയും സംരക്ഷണവും ലഭിച്ചിരുന്നു.

വിദ്യാഭ്യാസരംഗത്ത് ഐ.ടി പഠനവും ഐ.ടി അധിഷ്ഠിത പഠനവും സമ്പൂർണ്ണമായി നടപ്പാക്കപ്പെട്ടത് 2006- 2011 കാലഘട്ടത്തിലായിരുന്നു. ഇത്​ മുഴുവൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിൽ വേണമെന്ന തീരുമാനം മുറുകെപ്പിടിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് പകർന്നതും മുഖ്യമന്ത്രിയായിരുന്ന വി.എസ് തന്നെ. ജനസമര നായകൻ എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പാരിസ്ഥിതിക സന്തുലനത്തിനുവേണ്ടി പൊരുതുന്ന ജനനേതാവ് എന്ന നിലയിമെല്ലാം വി.എസ് തന്റെ ജീവിതം പൂർണമായി സമൂഹത്തിനുവേണ്ടി സമർപ്പിക്കുകായിരുന്നു.

Tags:    
News Summary - commemoration of V S Achuthanandan by MA baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.