മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധം; എൻ.എസ്.എസിനോട് ശത്രുത വളർത്താൻ ശ്രമം -സുകുമാരൻ നായർ

തിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തിലെ തന്‍റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും എൻ.എസ്.എസിനോട് ശത്രുത വളർത്താനുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തനിക്കെതിരായ മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സത്യവിരുദ്ധമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

'മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം - ഈ മൂല്യങ്ങള്‍ സംരക്ഷിക്കും എന്ന് ഉറപ്പുള്ള ആളുകള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കാരണം, ഈ നാടിന്‍റെ അവസ്ഥ അതാണ്. അത് ജനങ്ങള്‍ മനസ്സിലാക്കി, ജനങ്ങള്‍ക്ക് സമാധാനവും സ്വൈര്യവും നല്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പും ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഇവിടെ പ്രധാനമായ മൂല്യങ്ങള്‍ ഞാന്‍ പറഞ്ഞല്ലോ, അവ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും എന്നാണ് എന്‍റെ പ്രതീക്ഷ. ഈ ഇലക്ഷന്‍ അതിന് ഉപകരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. വിശ്വാസികളുടെ പ്രതിഷേധം നേരത്തെ മുതല്‍ ഉണ്ടല്ലോ. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് എന്തെങ്കിലും സംഭവിച്ചുകാണണമെന്ന് ആരും ആഗ്രഹിച്ചിട്ടുമില്ല. അതിന്‍റെ പ്രതികരണം തീര്‍ച്ചയായും ഉണ്ടാകും. ഭരണമാറ്റം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.' -ഇതാണ് വോട്ടെടുപ്പ് ദിവസം താൻ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.

ഇതിനെ വളച്ചൊടിച്ചും രാഷ്ട്രീയവത്കരിച്ചും തെറ്റിദ്ധാരണയുണ്ടാക്കി എൻ.എസ്.എസിനോട് ശത്രുത വളർത്താനുള്ള ശ്രമം മുഖ്യമന്ത്രിയിൽ നിന്ന് ഒരിക്കലും ഉണ്ടാവരുതായിരുന്നു. ഇടതുപക്ഷസർക്കാരിന്റെ ഭരണം സംബന്ധിച്ച്, വിശ്വാസസംരക്ഷണം ഒഴികെ ഒരു കാര്യത്തിലും എന്‍.എസ്.എസ്. എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. വിശ്വാസത്തിന്‍റെ കാര്യത്തില്‍ എന്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ നിലപാട് തുടരുകതന്നെ ചെയ്യുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

ഇന്നലെയാണ് സുകുമാരൻ നായർക്കെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. 'നന്നേ കാലത്തെ വോട്ട് ചെയ്ത് എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം പാടില്ല എന്ന് വിരലുയര്‍ത്തി പറയുമ്പോള്‍ നിങ്ങളുടെ വോട്ട് എൽ.ഡി.എഫിനെതിരായാണ് എന്ന സന്ദേശമാണ് സുകുമാരന്‍ നായര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല' -മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - CM's statement untrue; Attempt to foster hostility towards NSS - Sukumaran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.