ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുക, ദേവസ്വം മന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
തിരുവനന്തപുരം: ‘ഇവനെപ്പോലത്തെ ആളുകള്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യതയുണ്ടോ?, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അടിവസ്ത്രം പുറത്തുകാട്ടി ഡെസ്കിനുമേലെ കയറി സാധനം തല്ലിപ്പൊളിച്ചയാളാണ് തങ്ങൾക്ക് ക്ലാസെടുക്കുന്നതെന്നും, വി. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോയെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് കെ.പി.സി.സി നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അണ്ടർവെയർ പുറത്തുകാണിച്ച് മുണ്ട് മടക്കിക്കുത്തി ഡെസ്കിന്റെ മുകളിൽ കയറിയിരുന്ന് ഈ സാധനം മുഴുവൻ തല്ലിപ്പൊളിച്ച ഒരുത്തനാണ്, നമുക്ക് ക്ലാസ് എടുക്കുകയാണ്. ഈ സണ്ണിവക്കീലിനും എനിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ, എങ്ങനെ നിയമസഭയിൽ പ്രവർത്തിക്കണമെന്ന്. വാർത്ത വരുമെന്ന് കണ്ടാൽ എന്ത് വിഡ്ഢിത്തവും വായിൽനിന്ന് വരുമോ?. എന്റെ പിള്ളേരെ ഓർത്ത് ഞാൻ ഇങ്ങനെ സങ്കടപ്പെടുകയാണ്. ഇവനെപ്പോലത്തെ ആളുകള്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യതയുണ്ടോ? ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്കൂളിൽ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താണ് പറയുക. എക്സൈസ് വകുപ്പ് ആയിരുന്നെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നു’ -സതീശൻ പരിഹസിച്ചു.
സ്വർണക്കൊള്ളയിൽ എല്ലാ പ്രതികൾക്കും ജാമ്യം ലഭിക്കുന്നതിനുള്ള ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നടത്തുന്നത്. പ്രതികൾ പുറത്തുവന്നാൽ തെളിവ് നശിപ്പിക്കും. അതിനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്ന് നേതാക്കന്മാർ ജയിലിൽ ആയിട്ട് സി.പി.എം അവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരാൻ യു.ഡി.എഫ് അവസാനം വരെ പ്രവർത്തിക്കും. ഉണ്ണികൃഷ്ണന് പോറ്റി കടകംപള്ളി സുരേന്ദ്രനുമായി അടുത്തബന്ധമുള്ള വ്യക്തിയാണെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വംമന്ത്രി പോറ്റിയെ ശബരിമലയിലേക്ക് കയറ്റിയതെന്നും വി.ഡി. സതീശന് പറഞ്ഞു.
തിരുവനന്തപുരം: ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് വി.ഡി. സതീശന് എന്നാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ വി.ഡി സതീശൻ നടത്തിയ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി.
എന്നെ സംഘ്പരിവാറുമായി കൂട്ടിക്കെട്ടാന്‍ വി.ഡി. സതീശന് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടെ അക്കൗണ്ട് നേമത്ത് എൽ.ഡി.എഫ് പൂട്ടിച്ചപ്പോൾ ആരായിരുന്നു സ്ഥാനാർഥിയെന്ന് സതീശൻ ഓർക്കണം. ആ വേല കൈയിൽവെച്ചാൽ മതിയെന്നും ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ സ്കൂളുകളുടെ നിലവാരത്തെകുറിച്ച് വളരെ മോശം പരാമര്‍ശം വി.ഡി സതീശനില്‍ നിന്നുണ്ടായി. 10 വര്‍ഷം കൊണ്ട് ഒമ്പതിനായിരം കോടി രൂപയുടെ വികസനം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന സര്‍ക്കാറിനെ ചൂണ്ടിക്കാണിക്കാന്‍ സതീശനെ വെല്ലുവിളിക്കുന്നു. അയ്യപ്പന്റെ പേരിൽ വോട്ട് പിടിക്കുകയും ശബരിമലയുടെ പേരിൽ കണ്ണീരൊഴുക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഈ സ്വർണ്ണക്കടത്ത് കേസിലൂടെ പുറത്തുവരുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.