തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുൻനിർത്തിയും ജനത്തെ വെള്ളം കുടിപ്പിക്കുന്ന നിരക്കുവർധനകളില്ലാതെയും ജനപ്രിയ ബജറ്റിനുള്ള അവസാന തയാറെടുപ്പുകളിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. രണ്ടാം പിണറായി സർക്കാറിന്റെ ആറാം ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടിക്കുശേഷം നിര്‍ണായക നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഇടതുമുന്നണിയെ സംബന്ധിച്ച് ജനങ്ങളെ കൈയിലെടുക്കാനുള്ള പ്രഖ്യാപനങ്ങൾ അനിവാര്യമാണ്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമ പെൻഷൻ വർധന, ഉദ്യോഗാർഥികൾക്കുള്ള സ്റ്റൈപ്പന്റ് അടക്കം പരമാവധി ക്ഷേമാനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ കവിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യവും മുന്നിലുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുടനെ ക്ഷേമപെൻഷൻ വർധനയടക്കം പ്രഖ്യാപിച്ചിട്ടും തദ്ദേശ വോട്ടിൽ അത് പ്രതിഫലിച്ചില്ല. ഫലത്തിൽ ക്ഷേമത്തിനപ്പുറം കൈയടിക്കുള്ള വകയാകും ബാലഗോപാലിന്റെ പെട്ടിയിലുണ്ടാവുക. ഒപ്പം സർക്കാർ ജീവനക്കാരെ ഒപ്പം നിർത്താനുള്ള പ്രഖ്യാപനങ്ങളും.
ഇതിൽ പങ്കാളിത്ത പെൻഷൻ ഒഴിവാക്കി അഷ്വേർഡ് പെൻഷനിലേക്ക് മാറുമോ എന്നതും ശമ്പള പരിഷ്കരണ പ്രഖ്യാപനവും ജീവനക്കാർ ഉറ്റുനോക്കുന്നുണ്ട്. അഷ്വേർഡ് പെൻഷന്റെ കാര്യം കഴിഞ്ഞയാഴ്ചയും ധനമന്ത്രി ആവർത്തിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ വേണ്ടെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകൾ കക്ഷി ഭേദമില്ലാതെ സമരത്തിലാണ്. ക്ഷാമബത്തയിൽ രണ്ട് ഗഡുവെങ്കിലും നൽകാനും ശമ്പള പരിഷ്കരണത്തിനും ബജറ്റ് നിർദേശം ഉണ്ടായേക്കും. ശമ്പള പരിഷ്കരണ വിഷയത്തിൽ കമീഷനെ നിയമിക്കാതെ ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാനും വേഗത്തിൽ നടപടി നീക്കാനും ആലോചനയുണ്ട്.
രണ്ട് ഗഡുക്കളായി ആറ് ശതമാനം ഡി.എ കുടിശ്ശിക ബജറ്റിൽ പ്രഖ്യാപിച്ചശേഷം ബാക്കി അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ 10 മുതൽ 15 ശതമാനം വരെ ശമ്പളവർധനയുണ്ടാകും. അടുത്തിടെ പ്രഖ്യാപിച്ച അതിദാര്യദ്ര്യ നിര്‍മാര്‍ജനത്തിന്റെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാണ് മറ്റൊന്ന്. വയോജനങ്ങളുടെ ആരോഗ്യം, പരിചരണം, ഉപജീവനം തുടങ്ങിയവക്ക് ഊന്നല്‍ നല്കുന്ന പദ്ധതികൾക്കും ബജറ്റിൽ പരിഗണന കിട്ടാം.
റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്ന ആവശ്യം മാണി കോൺഗ്രസിൽനിന്നടക്കം ശക്തമാണ്. മുന്നണിമാറ്റം സാഹസികമായി തടയിട്ട പശ്ചാത്തലത്തിൽ റബർ താങ്ങുവിലയിലും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. നാളികേരം, നെല്ല് കർഷകർക്കായി പ്രത്യേക പാക്കേജുകളും സബ്സിഡികളും ഉണ്ടായേക്കും. ‘ലൈഫ് മിഷൻ’ പദ്ധതിയുടെ അടുത്തഘട്ടത്തിനായി തുക വകയിരുത്തും.
ജി.എസ്.ടി നിരക്കിളവ് വന്നതുമൂലം സംസ്ഥാനത്തിനുണ്ടായ വരുമാനനഷ്ടം കുറക്കാനും ക്ഷേമാനുകൂല്യങ്ങൾക്ക് വക കണ്ടെത്താനും വരുമാന വർധനവ് അനിവാര്യമാണ്. ജി.എസ്.ടി നിരക്കിളവ് വന്നതോടെ 10,000 കോടിയുടെ വരുമാന നഷ്ടമാണ് കേരളത്തിനുണ്ടാവുക. ക്ഷേമ പെൻഷൻ വർധനയടക്കം തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കാൻ 10,000 കോടി അധികം കണ്ടെത്തുകയും വേണം.
തെരഞ്ഞെടുപ്പ് കാലമായതിനാൽ നികുതി-ഫീസ് വർധിപ്പിക്കുന്നത് ജനത്തെ എതിരാക്കും. കേന്ദ്രം വരിഞ്ഞുമുറുക്കുന്നതിന്റെ പ്രഹരത്തിലാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെന്ന് പറയുമ്പോൾതന്നെ തനത് വരുമാനം വർധിക്കുന്നതിൽ സ്ഥിതി മെച്ചപ്പെട്ടെന്നും ധനവകുപ്പ് അവകാശപ്പെടുന്നു. ധനകാര്യത്തിൽ പ്രതിസന്ധിയാണോ പച്ചപ്പാണോ എന്ന് ധനമന്ത്രി ഉറപ്പിച്ച് പറയുന്നുമില്ല. ഇത്തരത്തിൽ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലാണ് ബജറ്റ് പ്രഖ്യാപനം.
ക്ഷേമ പെൻഷൻ 2500 രൂപയായി വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് മന്ത്രി പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിനുള്ള വിഹിതത്തിൽ കേന്ദ്രം ഇത്രത്തോളം കടുംവെട്ട് നടത്തുമെന്ന് പ്രതീക്ഷിക്കാത്ത കാലത്താണ് പ്രകടന പത്രികയിൽ 2500 രൂപ ഉൾപ്പെടുത്തിയതെന്നാണ് ബാലഗോപാൽ വിശദീകരിക്കുന്നത്. പിന്നാലെ ധനവിഹിതത്തിന് വേണ്ടി കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യവും അദ്ദേഹം ഓർമിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.