തിരുവനന്തപുരം: സമുദായ ശാക്തീകരണത്തിന്റെ പുതിയ അധ്യായമെന്ന് വിശേഷിപ്പിച്ച എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യനീക്കം പ്രായോഗികതയുടെ കടമ്പകളിൽ തട്ടി നിലംപൊത്തിയതിന് പിന്നിൽ പൊതുമിനിമം പരിപാടിയില്ലാത്തത് മുതൽ രാഷ്ട്രീയ നിലപാടിലെ പൊരുത്തക്കേടുകൾ വരെ. ഇരുസമുദായങ്ങളെയും ബാധിക്കുന്ന പൊതുആവശ്യങ്ങൾ ഉയർത്തുന്നതിന് പകരം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടന്നാക്രമിക്കലായിരുന്നു ഐക്യത്തിന് ആഹ്വാനം ചെയ്ത ഇരു സമുദായ നേതാക്കളുടെയും നിലപാടുകളിലെ ആകെത്തുക.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവെച്ച ഐക്യാഹ്വാനത്തിന് നിമിഷങ്ങൾക്കുള്ളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കൈ കൊടുത്തെങ്കിലും ഡയറക്ടർ ബോർഡ് യോഗം നീക്കം തള്ളിയതോടെ ഐക്യസ്വപ്നങ്ങൾക്ക് എട്ട് ദിവസത്തെ ആയുസ് മാത്രമായി.
‘സമദൂര’ത്തിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ, പ്രതിപക്ഷ നേതാവിനെതിരെ ജനറൽ സെക്രട്ടറി രംഗത്തെത്തിയത് രാഷ്ട്രീയ നിലപാടിനെ പൊതുമധ്യത്തിൽ സംശയാസ്പദമാക്കുന്നുവെന്ന വിമർശനം എൻ.എസ്.എസിൽ ഉയർന്നിരുന്നു. ഐക്യത്തിനുള്ള പ്രാഥമിക ധാരണക്ക് പിന്നാലെ തുടർനടപടികൾക്കായി വെള്ളാപ്പള്ളിയുടെ മകനും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചതാണ് എൻ.എസ്.എസിന്റെ പിന്നോട്ടുപോക്കിനുളള മറ്റൊരു പ്രധാനകാരണം.
എൻ.ഡി.എയിലെ ഘടകകക്ഷിയാണ് നിലവിൽ ബി.ഡി.ജെ.എസ്. ഇത്തരമൊരു രാഷ്ട്രീയ പാർട്ടി നേതാവിനെ ചർച്ചകൾക്ക് അയച്ചതുവഴി ഐക്യനീക്കത്തിന് രാഷ്ട്രീയ സ്വഭാവം കൈവന്നുവെന്നാണ് എൻ.എസ്.എസിന്റെ ആരോപണം. ഐക്യത്തിന് രാഷ്ട്രീയമില്ലെന്നും തങ്ങളുടെ നിലപാട് സമദൂരമാണെന്നും ആവർത്തിക്കുന്നതിനിടെ എൻ.ഡി.എ നേതാവ് ചർച്ചകൾക്ക് ഇടനില നിൽക്കുന്നത് എൻ.എസ്.എസിന് രസിച്ചിരുന്നില്ല.
എസ്.എൻ.ഡി.പി നേതൃത്വത്തിനാകട്ടെ, ബി.ഡി.ജെ.എസ് മുഖേന എൻ.ഡി.എ മുന്നണിയോടുള്ള താല്പര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, രാഷ്ട്രീയമായ ഒരു മുന്നണി പ്രവേശനത്തോടും എൻ.എസ്.എസ് നേതൃത്വത്തിന് താല്പര്യമില്ല. ഈ രാഷ്ട്രീയ വൈരുധ്യം ചർച്ചകളെ വഴിമുട്ടിച്ചു.
വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ബഹുമതി നൽകിയതും എൻ.എസ്.എസിന്റെ പിന്മാറ്റത്തിന് പരോക്ഷമായ കാരണമായെന്ന് കരുതപ്പെടുന്നു. ഈ പുരസ്കാരം എസ്.എൻ.ഡി.പിയെ ബി.ജെ.പിയോട് ചേർത്തുനിർത്താനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന വിലയിരുത്തൽ പൊതുവിലുണ്ട്. ജാതി സെൻസസ്, സംവരണം എന്നീ വിഷയങ്ങളിൽ ഇരുവരും വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. ഐക്യനീക്കം പരാജയപ്പെടാൻ രാഷ്ട്രീയ കാരണങ്ങൾക്കപ്പുറം ആശയപരമായ ഈ വിടവും കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.