അധികാരത്തിന്റെ അകത്തളങ്ങളല്ല, മറിച്ച് അതിജീവനത്തിന്റെയും സ്വത്വബോധത്തിന്റെയും തീക്ഷ്ണമായ പോരാട്ടങ്ങള്‍ വേവിച്ചെടുത്ത കഥകളുടെ ഇടമാണ് ഈ ദര്‍ബാര്‍. ചെന്നൈയില്‍ നിന്നുള്ള കട്ടിയക്കാരി തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൂറമ്മ ബിരിയാണി ദര്‍ബാര്‍ ബുധനാഴ്ച രാവിലെ പതിനൊന്നിനും വൈകുന്നേരം 4:30 നും കെ.ടി. മുഹമ്മദ് തിയേറ്ററില്‍ അരങ്ങേറും.
ഭക്ഷണം കേവലം വിശപ്പടകാനുള്ള ഉപാധിയല്ലെന്നും മറിച്ച് അതൊരു രാഷ്ട്രീയ പ്രഖ്യാപനമാണെന്നും ഈ തമിഴ് നാടകം അടിവരയിടുന്നു.75 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകം ഭക്ഷണത്തിന്റെ രാഷ്ട്രീയം, ലിംഗപദവി, സ്വത്വം എന്നിവയെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു. നാം എന്ത് കഴിക്കണം എന്നത് പോലും എങ്ങനെ അധികാരത്തിന്റെ അടയാളമാകുന്നുവെന്നും ആരുടെ രുചിക്കൂട്ടുകളാണ് മാറ്റിനിര്‍ത്തപ്പെടുന്നത് എന്നുമുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങള്‍ നാടകം ഉന്നയിക്കുന്നു.
ട്രാന്‍സ്‌വുമണും പാചക കലാകാരിയുമായ നൂറമ്മയുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. വെറും പാചകക്കുറിപ്പുകളല്ല, മറിച്ച് തലമുറകളായി അനുഭവിച്ചറിഞ്ഞ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് അവളുടെ കൈപ്പുണ്യം. യഥാര്‍ത്ഥ അനുഭവസാക്ഷ്യങ്ങളെ ആസ്പദമാക്കി നോവും നര്‍മ്മവും രാഷ്ട്രീയവും ഇഴചേര്‍ത്തൊരുക്കിയ ഈ കലാസൃഷ്ടി അദൃശ്യമാക്കപ്പെട്ട അധ്വാനങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കുമുള്ള ആദരവാണ്. മനുഷ്യത്വത്തിന്റെ രാഷ്ട്രീയം തേടുന്ന ഏവര്‍ക്കും ഇതൊരു അവിസ്മരണീയമായ അനുഭവമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.