കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ കുറ്റപത്രം വൈകുന്നതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) നടപടി സംബന്ധിച്ച് പൊതുസമൂഹത്തിൽ സംശയത്തിനിടയാക്കുമെന്ന് ഹൈകോടതി. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഗൗരവതരമാണ്.
കേസിന്‍റെ പ്രാധാന്യവും ആഴവും കണക്കിലെടുത്ത് വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ജാമ്യം നിഷേധിക്കുമ്പോൾ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. തന്റെ അറസ്റ്റ് നിയമപരമല്ലെന്ന് ആരോപിച്ച് കേസിലെ പ്രതി ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. ഹരജി വിധി പറയാൻ മാറ്റി.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ കുറ്റപത്രം നൽകുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ആരാഞ്ഞു. അന്വേഷണത്തിന് വിവിധ ഘട്ടങ്ങളുണ്ട്. കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്തി അവർക്കെതിരെ സമയത്ത് കുറ്റപത്രം നൽകിയാലേ സ്വാഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാനാവൂ. അറസ്റ്റിലായവർ തടവിൽ 90 ദിവസം പൂർത്തിയാക്കാനാവുകയാണ്. ഈ സാഹചര്യത്തിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. ഇനി ആർക്കും സ്വഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കണം. ബാക്കി പറഞ്ഞില്ലെങ്കിലും മനസ്സിലാകുമല്ലോയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചു.
കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.