മാസപ്പടി കേസ്; സി.എം.ആർ.എൽ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രാജാവിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അതേസമയം, റെയ്ഡിലൂടെ കിട്ടിയ തെളിവുകൾ കോടതിക്ക് മുന്നിലെത്തിച്ച് സി.എം.ആർ.എല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇ.ഡി നീക്കം.

ഇ.ഡിയുടെ അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് സി.എം.ആർ.എൽ കമ്പനിയും എം.ഡി ശശിധരൻ കർത്തയും ഹൈകോടതിയെ സമീപിച്ചിരുന്നു. എഫ്.ഐ.ആർ ഇല്ലാതെ ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്നായിരുന്നു സി.എം.ആർ.എല്ലിന്റെ വാദം. എന്നാൽ 2026 മേയ് 26ന് ഹൈകോടതി ഈ ഹരജികൾ പൂർണമായും തള്ളി. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും, കമ്പനി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി കർശനമായി ഉത്തരവിട്ടു. തുടർന്നാണ് മേയ് 27ന് രാവിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലും ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി ഉൾപ്പെടെ 12 സ്ഥലങ്ങൾ ഇ.ഡി വ്യാപകമായ പരിശോധന നടത്തിയിരുന്നു.

പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ മുദ്രവച്ച കവറിൽ ഇ.ഡി കോടതിൽ സമർപ്പിക്കും. പരിശോധനക്ക് ശേഷം വീട്ടിൽ നിന്നിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ പാർട്ടി പ്രവർത്തകർ ആക്രമിച്ചതും കോടതിയെ ബോധ്യപ്പെടുത്താനും സാധ്യതയുണ്ട്. എന്നാൽ മുതിർന്ന അഭിഭാഷകരെ കളത്തിലിറക്കി അനുകൂല ഉത്തരവ് നേടാനാണ് സി.എം.ആർ.എൽ ശ്രമിക്കുന്നത്. അഞ്ചാമതായാണ് കേസ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്.

Tags:    
News Summary - Monthly payment case CMRL petition to be considered by High Court today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.