ആശുപത്രിയില്‍ സംഘര്‍ഷം: രണ്ടുപേർ അറസ്റ്റിൽ

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി സ്വദേശിനിയായ യുവതിയുടെ ഗർഭസ്ഥശിശുവിന്റ മരണത്തെ തുടർന്ന് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മർദിച്ചെന്ന പരാതിയില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പേഴക്കാപ്പിള്ളി കൊച്ചുമാരിയിൽ നിയാസ് (40), സഹോദരൻ നവാസ് (30) എന്നിവരാണ് കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യംലഭിച്ചു.

വെള്ളിയാഴ്ച പേഴക്കാപ്പിള്ളി സബൈൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഗർഭസ്ഥ ശിശുവിന്റെ മരണകാരണമെന്ന് ആരോപിച്ചാണ് ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം, അന്വേഷണം തൃപ്തികരമല്ലെന്ന ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കീഴടങ്ങിയ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ തിരിച്ചറിയല്‍ പരേഡിലടക്കം വീഴ്ച വരുത്തിയെന്ന് ആശുപത്രി അധികൃതര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.ആശുപത്രിയിൽ എത്തിയ യുവതിയെ സ്കാൻ ചെയ്തപ്പോൾ ശിശുവിനെ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.

ഗര്‍ഭാവസ്ഥയുടെ തുടക്കം മുതല്‍ ഇതേ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നതെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നും ബന്ധുക്കൾ പറയുന്നു. ഏറ്റവും ഒടുവില്‍ പരിശോധനക്ക് എത്തിയപ്പോള്‍ 28ന് ആശുപത്രിയില്‍ അഡ്മിറ്റാകാനാണ് ഗൈനക്കോളജി ഡോക്ടര്‍ നിര്‍ദേശിച്ചതെന്നും ഇവര്‍ പറയുന്നു. ഇതിനിടെ കുട്ടിയുടെ ചലനം നിലച്ചതോടെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍, ഉച്ചക്ക് രണ്ടിന് എത്തിയിട്ടും വൈകീട്ടോടെയാണ് ഡോക്ടറെത്തി പരിശോധന നടത്തിയതെന്നും സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.പൂർണ ഗർഭിണിയായ യുവതിയെ ഫ്ലൂയിഡ് കുറവായതിനാൽ ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക് നേരത്തേ നിർദേശിച്ചിരുന്നതാണെന്നും എന്നാൽ, യുവതിയും ഭർത്താവും ഇതിനു തയാറായില്ലെന്നും ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Clash in hospital: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.