നെടുങ്കണ്ടം: ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡയറക്ടറേറ്റ് ഇറക്കിയ സർക്കുലർ ഇടുക്കിക്കാരെ വലക്കുന്നു. ക്ലെയിമിനായി ഒ.പി ടിക്കറ്റ് നിര്‍ബന്ധമാക്കിയതും ഒ.പി. ടിക്കറ്റില്‍ തന്നെ ഡോക്ടര്‍ മരുന്നുകള്‍ എഴുതണമെന്നുമുള്ള ഡയറക്ടറേറ്റിെൻറ സര്‍ക്കുലറാണ് ദുരിതത്തിലാക്കുന്നത്.
സർക്കുലർ മൂലം ഇ.എസ്. ഐ ആശുപത്രികള്‍ വഴിയുള്ള റീ ഇമ്പേഴ്സ്മെന്റ് ക്ലെയിമുകള്‍ ഇടുക്കിയിലെ സാധാരണക്കാര്‍ക്ക് നഷ്ടമാകുന്നു. ക്ലെയിം ലഭിക്കണമെങ്കിൽ ഇടുക്കിക്കാർ കിലോമീറ്ററുകൾ സഞ്ചരിച്ച് കൊച്ചിയിൽ എത്തണം. തുച്ഛ രൂപ ക്ലെയിം ലഭിക്കാൻ ആയിരം രൂപയിലധികം ചെലവഴിച്ച് ഒരു ദിവസം യാത്ര ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികൾ.
മുൻകാലങ്ങളിൽ ഇ.എസ്.ഐ പദ്ധതിയില്‍ അംഗമായവർക്ക് അതത് ജില്ലയിലെ ഡിസ്പെന്‍സറികളില്‍ മരുന്നില്ലെങ്കിൽ പുറത്ത് നിന്ന് വാങ്ങി ബില്ല് നല്കിയാല് ആ തുക ലഭിക്കുമായിരുന്നു. ഇപ്പോള്‍ പുറത്ത് നിന്ന് വാങ്ങുന്ന മരുന്നുകളുടെ തുക ക്ലെയിം ചെയ്യണമെങ്കില്‍ ഇ.എസ്.ഐ ആശുപത്രിയില്‍ നേരിട്ടെത്തി ഒ.പി ചീട്ട് എടുത്ത് ഇതേ ഒ.പി ചീട്ടില്‍ ഫിസിഷ്യന്‍ മരുന്നെഴുതി നല്‍കണം.
ഇതുമായി അതത് ജില്ലകളിലെ ഡിസ്പെന്‍സറികളില്‍ എത്തി അവിടെയും ഡോക്ടറെ കാണിക്കുകയും ഡിസ്പെന്‍സറികളില്‍ ഇല്ലാത്ത മരുന്ന് ഡോക്ടര്‍ പുറത്തേക്ക് കുറിച്ച് നല്കിയെങ്കിൽ വാങ്ങിയതിന്റെ ബില്ല് ഒ. പി. ചീട്ടിനോടൊപ്പം ക്ലെയിം ചെയ്യണം. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വിസ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ ഇടുക്കിയിലെ തോട്ടം തൊഴിലാളികളടക്കമുള്ളവർ മരുന്ന് വാങ്ങണമെങ്കില്‍ കൊച്ചിയിലുള്ള ഇ .എസ്. ഐ ആശുപത്രിയെ ആശ്രയിക്കണം.
ഇ .എസ്. ഐ ഡിസ്പെന്‍സറികളില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ മിക്ക മരുന്നുകളും പുറത്തു നിന്ന് വാങ്ങേണ്ട അവസ്ഥയാണ്. ഇടുക്കിയിലെ ഡിസ്പെന്‍സറികളില്‍ മരുന്നുകള്‍ എത്തിക്കുന്നതിനൊപ്പം നിലവിലെ മാനദണ്ഡം മാറ്റി മുമ്പ് ഉണ്ടിയിരുന്ന സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.