തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷക്കു തലസ്ഥാന നഗരത്തിൽ അധികതസ്തികക്കു സാധ്യത തേടി ആഭ്യന്തര വകുപ്പ്. മുഖ്യമന്ത്രിയുടെയും ഗവർണറുടെയും മറ്റു വി.ഐ.പികളുടെയും സുരക്ഷക്ക് എന്ന പേരിൽ ഡെപ്യൂട്ടി കമീഷണർ റാങ്കിൽ (ഡി.സി.പി) അധിക തസ്തിക സൃഷ്ടിക്കാനാണ് ശ്രമം. വി.ഐ.പി സുരക്ഷ സംബന്ധിച്ച് ഡി.ജി.പിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമായും ചർച്ചയായത് തലസ്ഥാനത്ത് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതായിരുന്നു.
ഗവർണറുടെ സുരക്ഷയിൽ വന്ന ഗുരുതര വീഴ്ച വിവാദമായതിനു പിന്നാലെയായിരുന്നു യോഗം. ഇന്റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും ഗവർണർക്കു നേരെ പാളയത്ത് കരിങ്കൊടി പ്രതിഷേധമുണ്ടായപ്പോൾ സിറ്റി പൊലീസ് കമീഷണറോ ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയോ സ്ഥലത്തുണ്ടായിരുന്നില്ല.
എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിൽ അടിക്കുന്നതുവരെയെത്തിയ പ്രതിഷേധം വിമർശനത്തിനിടയാക്കിയിരുന്നു. ഇതിൽ രാജ്ഭവന് വിശദീകരണം നൽകാൻ ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെയും ഗവർണറുടെയും സുരക്ഷ ചർച്ചയായി.
മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതും യോഗങ്ങളിലും ദൈനംദിന പരിപാടികളിലും സുരക്ഷാ മേൽനോട്ടം വഹിക്കുന്നതും വി.ഐ.പി സുരക്ഷയുടെ ഭാഗമാണെന്ന് ഡി.ജി.പി വ്യക്തമാക്കി. മുഖ്യമന്ത്രി തലസ്ഥാനത്തുള്ള ദിവസങ്ങളിൽ രണ്ടിലധികം സർക്കാർ പരിപാടികളെങ്കിലും ഉണ്ടാകാറുണ്ടെന്നും ക്രമസമാധാന ചുമതലയുള്ള ഡി.സി.പിക്ക് നിരവധി ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. വി.ഐ.പി ഡ്യൂട്ടിക്ക് മാത്രമായി ഉന്നത ഉദ്യോഗസ്ഥർക്ക് മണിക്കൂറുകൾ ചെലവഴിക്കേണ്ട സാഹചര്യമാണ്.
പ്രതിഷേധങ്ങളോ ക്രമസമാധാന പ്രശ്നമോ ഉണ്ടായാൽ വേഗം സ്ഥലത്തെത്താനോ നടപടിയെടുക്കാനോ കഴിയാറില്ലെന്നായിരുന്നു സിറ്റി പൊലീസ് കമീഷണർ ഉൾപ്പെടെ പ്രതികരിച്ചത്. ക്രമസമാധന ചുമതലയുള്ള ഡി.സി.പിയെ വി.ഐ.പി സുരക്ഷയിൽനിന്ന് മാറ്റിയാലേ നഗരത്തിലെ മറ്റു ക്രമസമാധാന പ്രശ്നങ്ങളിലും കേസുകളിലും ഇടപെടാൻ കഴിയൂ എന്നും കമീഷണർ വ്യക്തമാക്കി. അധികതസ്തികക്ക് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ഡി.ജി.പി സിറ്റി പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.