അനിശ്ചിതത്വങ്ങൾക്കൊടുവിൽ 17ന് എൽ.ഡി.എഫ് യോഗം; പ്രതിപക്ഷ ഉപനേതൃ പദവിയിൽ വിട്ടുവീഴ്ചക്കില്ലെന്ന് സി.പി.ഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിലെ തർക്കങ്ങളെ തുടർന്നുള്ള അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇടതുമുന്നണി യോഗം ചേരുന്നു. ഈ മാസം 17ന് വൈകീട്ട് നാലിന് എ.കെ.ജി സെന്ററിലാണ് യോഗം. മുന്നണി കൺവീനർ സി.പി.ഐ നേതാക്കളുമായി ആശയവിനിമയം നടത്തിയാണ് തീയതി നിശ്ചയിച്ചത്. മുന്നണി യോഗത്തിന് സമ്മതമറിയിച്ചെങ്കിലും ഉപനേതൃ പദവിയിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് സി.പി.ഐ. ഇക്കാര്യം മുന്നണി യോഗത്തിൽ ഉന്നയിക്കുകയും ചെയ്യും.

നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മേയ് രണ്ടാം വാരമാണ് ഒടുവിൽ മുന്നണി യോഗം ചേർന്നത്. ഓരോ പാർട്ടികളും സ്വന്തം നിലയിൽ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയ ശേഷം ജൂൺ 15ന് വീണ്ടും യോഗം ചേരാനായിരുന്നു അന്നത്തെ ധാരണ. എന്നാൽ, ഉപനേതൃ പദവിയിലെ തർക്കം രൂക്ഷമായതോടെ നിയമസഭ ചേരുന്ന ഘട്ടത്തിൽ പാർലമെന്ററി പാർട്ടി യോഗം പോലും ചേരാനായില്ല. മറുഭാഗത്ത് പരസ്യ പ്രതികരണങ്ങളിലൂടെ നേതാക്കൾ ഏറ്റുമുട്ടിയതും സ്ഥിതി വഷളാക്കി.

ഉപനേതൃ സ്ഥാനത്തിനായുള്ള സി.പി.ഐ ആവശ്യം ചർച്ചയോ ധാരണയോ ആകാതെ അനിശ്ചിതമായി തുടരുന്നതിനിടെ, ‘‘അതൊക്കെ പറഞ്ഞുകൊണ്ടിരിക്കും, അതെല്ലാം കഴിഞ്ഞ കാര്യമാണ്’’ എന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം സ്ഥിതി രൂക്ഷമാക്കി. ഇത് പാർട്ടിയുടെ രാഷ്ട്രീയ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യും വിധമുള്ള ആക്ഷേപമായി വിലയിരുത്തിയ സി.പി.ഐ, പരസ്യമായി പിണറായിക്ക് മറുപടി പറയുന്നതിലേക്കും കാര്യങ്ങളെത്തി.

ഇതിനിടെ ഉഭയകക്ഷി ചർച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, ഇതിനുശേഷവും പിണറായി തന്റെ നിലപാട് ആവർത്തിച്ചത് സി.പി.ഐയുടെ കടുത്ത അതൃപ്തിക്കിടയാക്കി. ഉപനേതൃ പദവിയിലെ തർക്കങ്ങൾ അനിശ്ചിതത്വത്തിലായതോടെ മുന്നണി സംവിധാനം ഒന്നാകെ സ്തംഭനാവസ്ഥയിലാണ്. മദ്യനയവും പി.എം ശ്രീയും വിഴിഞ്ഞവും ദുരിതാശ്വാസ പ്രവർത്തനത്തിലെ വീഴ്ചകളുമടക്കം സർക്കാറിനെതിരെയുള്ള വിഷയങ്ങളിൽ സി.പി.എം ഇടപെടലുകൾ മാറ്റിനിർത്തിയാൽ, ഇടതുമുന്നണി എന്ന നിലയിൽ കൈകാര്യം ചെയ്യാനായിട്ടില്ല.

സർക്കാർ അധികാരത്തിൽ വന്ന ശേഷം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സംയുക്ത പ്രക്ഷോഭം സാധ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ മുന്നണി താൽപര്യം മുൻനിർത്തിയാണ് സി.പി.ഐ യോഗത്തിന് സമ്മതം മൂളിയതെന്നാണ് വിവരം. എൽ.ഡി.എഫിൽ എട്ടു കക്ഷികൾക്ക് ഒരു എം.എൽ.എ പോലുമില്ല. അതിൽ ഒരു കക്ഷി ഇപ്പോൾ രണ്ടായി പിളർന്നിരിക്കുന്നു. ഇതടക്കം സങ്കീർണമായ നിരവധി ആഭ്യന്തര പ്രശ്നങ്ങളുമുണ്ട്.

Tags:    
News Summary - LDF meeting on 17th amid uncertainties; CPI claims on opposition deputy leader's post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.