ന്യൂഡൽഹി: ഔദ്യോഗിക രേഖകളിൽ ‘കേരള’ എന്നതിനു പകരം ‘കേരളം’ എന്നാക്കാനുള്ള കേരള (പേര് മാറ്റൽ) ബില്ലിന് മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ മലയാളത്തിൽ സംസാരിച്ച് കേരളത്തിൽനിന്നുള്ള എം.പിമാർ. ബിൽ അവതരിപ്പിക്കേണ്ടിയിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ അസാന്നിധ്യം കേരളത്തിൽനിന്നുള്ള എം.പിമാർ എല്ലാവരും പ്രസംഗത്തിൽ ചോദ്യംചെയ്തു.
‘ഭാരതമെന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ’ എന്ന വള്ളത്തോളിന്റെ കവിത ചൊല്ലി പ്രസംഗത്തിന് തുടക്കമിട്ട കോൺഗ്രസ് അംഗം ജെബി മേത്തർ, ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയെന്ന ചോദ്യം ഉയർത്തിയതോടെ ഭരണപക്ഷവും ചെയറും പ്രസംഗം തടസ്സപ്പെടുത്തി. അനീതി കണ്ടാൽ, അതിക്രമം കണ്ടാൽ, ഭാവിതലമുറയെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ചോര തിളക്കുമെന്ന് വിദ്യാർഥി സമരം ചൂണ്ടിക്കാട്ടി ജെബി പറഞ്ഞു.
ലീഗ് വിമർശനത്തിന് മറുപടി നൽകി ഹാരിസ് ബീരാൻ
‘കേരളം’ ബിൽ ചർച്ചയിൽ ലീഗ് വിമർശനം നടത്തിയ ബി.ജെ.പി അംഗത്തിന് ചർച്ചയിൽ ഹാരിസ് ബീരാൻ മറുപടി നൽകി. സ്വാതന്ത്ര്യസമരത്തിലും ഭരണഘടന നിർമാണ സഭയിലും സജീവമായി പങ്കെടുത്ത മുഹമ്മദ് ഇസ്മായിൽ സാഹിബ് രൂപവത്കരിച്ച പ്രസ്ഥാനമാണ് ലീഗെന്നും മറ്റുള്ളവരെപ്പോലെ മാപ്പപേക്ഷ നൽകിയ പാരമ്പര്യം ലീഗിനില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മതേതര പാരമ്പര്യവും സംസ്കാരവുമാണ് കേരളത്തിന്റെ കരുത്ത്. ഇതര സംസ്ഥാന തൊഴിലാളികളെ ‘അതിഥി തൊഴിലാളികൾ’ ആയി കണ്ട് സ്വീകരിക്കുന്ന ഉന്നത സംസ്കാരമാണ് കേരളത്തിനുള്ളത്. മതേതരത്വവും വികസനവും ഉയർത്തിപ്പിടിക്കുന്ന കേരള ജനതയെ അപമാനിക്കുന്ന രീതിയിലാണ് സുപ്രധാന ബിൽ ചർച്ചക്ക് വന്നപ്പോൾ ആഭ്യന്തര മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ അസാന്നിധ്യമെന്ന് ചൂണ്ടിക്കാട്ടി എം.പി വാക്കൗട്ട് നടത്തി.
വയനാട്ടിൽ ഫോട്ടോ എടുത്തുപോയവരെ കേരളം ഓർമിക്കും -വി. ശിവദാസൻ
ജാതിക്കും ജന്മിത്വത്തിനും നാടുവാഴിത്വത്തിനുമെതിരെ നടത്തിയ പോരാട്ടത്തിന്റെ ഉൽപന്നമാണ് കേരളമെന്ന് ഡോ. വി. ശിവദാസൻ പറഞ്ഞു. കേരളത്തിന്റെ പുരോഗമനത്തിന് അടിത്തറ പാകിയത് ഇ.എം.എസ് സർക്കാറാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും മികച്ച നേട്ടം കൈവരിക്കാൻ അന്ന് സാധിച്ചു. വയനാട് ദുരന്തമുണ്ടായപ്പോൾ ഫോട്ടോ എടുത്തുപോയിട്ട് സഹായിക്കാതിരുന്നവരെ കേരളം ഓർമിക്കും. ബിൽ അവതരിപ്പിക്കേണ്ടിയിരുന്നത് അമിത് ഷാ ആയിരുന്നെന്നും ശിവദാസൻ ആവശ്യപ്പെട്ടു.
കേരളം നൽകുന്ന സമത്വസന്ദേശം -എ.എ. റഹീം
ചെറുത്തുനിൽപ്പിന്റെയും നവോത്ഥാനത്തിന്റെയും ചരിത്രമുള്ള സംസ്ഥാനമാണ് കേരളമെന്ന് എ.എ. റഹീം പറഞ്ഞു. ഇന്ന് നമ്മുടെ രാജ്യത്ത് വർഗീയതയുടെയും വിദ്വേഷത്തിന്റെയും ബുൾഡോസറുകൾ പാഞ്ഞുകൊണ്ടിരിക്കുമ്പോൾ കേരളം നൽകുന്ന സന്ദേശം സമത്വത്തിന്റെയും ചെറുത്തുനിൽപിന്റേതുമാണെന്ന് എ.എ. റഹീം പറഞ്ഞു.
കേരളം ഐക്യകേന്ദ്രം -പി. സന്തോഷ് കുമാർ
സമാനതകളില്ലാത്ത ഐക്യത്തിന്റെയും മൈത്രിയുടെയും കേന്ദ്രമാണ് കേരളം. വിഭിന്ന ജാതിയിലുള്ളവരും മതങ്ങളിലുള്ളവരും സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന സംസ്ഥാനമാണ്. ഒരു സാമുദായിക സംഘർഷംപോലും ഇല്ലാത്ത സംസ്ഥാനമാണ്. പക്ഷേ, കേരളത്തിന്റെ പേരിലുള്ള ഒരു വൃത്തികെട്ട സിനിമയുടെ പേരിലാണ് സഭയിലുള്ളവരടക്കം പലരും കേരളത്തെ അളക്കുന്നതെന്നും സന്തോഷ് കുമാർ കുറ്റപ്പെടുത്തി.
കേരളത്തെ നരേന്ദ്ര മോദി ചേർത്തു പിടിക്കുന്നു -സുരേഷ് ഗോപി
കേരളത്തിന്റെ വികസനത്തിന്റെ കാര്യത്തിൽ ചേർത്തുപിടിക്കുന്ന ഭരണകർത്താവാണ് നരേന്ദ്ര മോദിയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാടിന് കൊടുത്ത പണം സംബന്ധിച്ച് നിർമല സീതാരാമനും അമിത് ഷായും പാർലമെന്റിൽ വിശദീകരിച്ചിട്ടുണ്ട്. അതിന് മറുപടി പറയാൻ ആർക്കും കഴിഞ്ഞിട്ടില്ല. കേരളത്തിന്റെ വികസന കാര്യത്തിൽ നരേന്ദ്ര മോദി മലയാളികളെ വാരിപ്പുണരുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.