സംഘപരിവാർ പ്രീണനം: അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് എൽ.ഡി.എഫ് പറഞ്ഞത് ജനങ്ങൾ ഏറ്റെടുത്തകാര്യം ഓർക്കണമെന്ന് പിണറായി

കണ്ണൂർ: പ്രീണിപ്പിച്ച് വോട്ടുസ്വന്തമാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്, ഇത്, കേരളീയർ അതനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് ഇടതുമുന്നണി പറഞ്ഞത് ജനങ്ങള്‍ ഏറ്റെടുത്തകാര്യം ഓർക്കുന്നത് നന്നായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ പെരളശ്ശേരിയില്‍ എകെജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാണ് മുഖ്യമന്ത്രി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കുളള പരോക്ഷ മറുപടിയായി മുഖ്യമന്ത്രിയുടെ വാക്കുകൾ മാറി. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താന്‍ കഴിയും. എന്നാല്‍ അത് പൊതുവികാരമല്ല. വര്‍ഗ്ഗീയതയുടെ ഏറ്റവും വലിയ രൂപം ആര്‍.എസ്.എസാണ്. കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കിയാണ് ബി.ജെ.പി കേരളത്തില്‍ അക്കൗണ്ട് തുറന്നത്. സമീപ മണ്ഡലത്തില്‍ ബി.ജെ.പി യു.ഡി.എഫിനെയും വിജയിപ്പിച്ചു.

തെരഞ്ഞെടുപ്പ് കൃത്യമായി നടത്താതിരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റ​പ്പെടുത്തി. കേന്ദ്രം ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ജുഡീഷ്യറിയെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുകയുമാണ്. പാര്‍ലമെന്റില്‍ ഭരണ പക്ഷം തന്നെ ബഹളം വയ്ക്കുന്നുവെന്നും പ്രതിപക്ഷ ശബ്ദം പാര്‍ലമെന്റില്‍ ഉയരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷത്തില്‍പ്പെട്ട പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണ്. പ്രീണനം,ഭീഷണി,പ്രലോഭനം തുടങ്ങിയ വഴികളാണ് കേന്ദ്രം സ്വീകരിക്കുന്നത്. വോട്ടിന് വേണ്ടിയാണ് കേന്ദ്രം ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിന് പൊതുസ്വീകാര്യത ലഭിക്കുന്നില്ല. വെളുക്കേ ചിരിച്ച് ബാന്ധവമായാലെന്താ എന്ന് ചോദിച്ചാല്‍ എല്ലാവരും സമ്മതിക്കില്ല. ബാന്ധവമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉദ്ദേശിച്ച പ്രതികരണം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Chief Minister Pinarayi Vijayan's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.