ആർ.ബി.ഐക്ക് മുന്നിൽ 'നിസഹകരണ സമര'വുമായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ സത്യഗ്രഹവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫിസിന് മുന്നിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 'നിസഹകരണ സമരം' നടത്തുന്നത്. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് സമരം.

ജനങ്ങളുടെ മേഖലയാണ് സഹരണ ബാങ്കുകളെന്നും ജനകീയ പ്രസ്ഥാനമായാണ് അത് നിലനിൽക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഹകരണ മേഖല അസ്ഥിരപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബത്തിന് ഒരു ആവശ്യം വന്നാല്‍ വാണിജ്യ ബാങ്കിനെ സമീപിച്ചാല്‍ പെട്ടെന്ന് വായ്പ കിട്ടില്ല. ജനനം മുതല്‍ മരണം വരെ എല്ലാ ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കുന്ന സ്ഥാപനങ്ങളാണ് സഹകരണ സ്ഥാപനങ്ങള്‍. ഒരു കുഞ്ഞുണ്ടായാല്‍ അതിന്റെ പേരില്‍ ഒരു ചെറിയ തുക അടുത്തുള്ള സഹകരണ സംഘങ്ങളിലാണ് നിക്ഷേപിക്കുന്നത്. നീതി സ്റ്റോറുകള്‍ തുടങ്ങി, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങള്‍ ഡയാലിസിസ് യൂണിറ്റുകള്‍ വരെ തുടങ്ങി. അവിടെ സൗജന്യ സേവനം നല്‍കുന്നു. കേരളത്തിന്‍റെ സഹകരണ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും പിണറായി പറഞ്ഞു.

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. യു.ഡി.എഫും സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചു. സർക്കാറിന്‍റെ സമരത്തെ പിന്തുണക്കുന്നുവെന്ന്് ഉമ്മൻചാണ്ടി അറിയിച്ചു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് തടയിടുന്ന നിലപാട് കേന്ദ്രം തുടരുന്ന സാഹചര്യത്തിലാണ് ശക്തമായ സമരത്തിന് സര്‍ക്കാര്‍ തയാറായത്.

രാവിലെ 9.45 ന് സെക്രട്ടേറിയറ്റിലെത്താന്‍ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. അവിടെ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച ശേഷം അവിടെ നിന്നും മുഖ്യമന്ത്രിയും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രകടനമായാണ് ആര്‍.ബി.ഐയുടെ മുന്നിലേക്ക് പുറപ്പെട്ടത്.

 

News Summary - chief minister and ministers protest infront of Rbi trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.